സാമൂഹിക സാമ്പത്തിക സര്‍വേ നടത്തിപ്പ് സംബന്ധിച്ച് വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍എസ്ഒ

ആധികാരികതയില്ലാത്ത സ്രോതസില്‍ നിന്നുള്ള വളച്ചൊടിച്ച വിവരങ്ങളാണ് ആ വാര്‍ത്തയിലുള്ളത്. മറ്റൊരു സംസ്ഥാനത്തെ സര്‍വേ ഉദ്യോഗസ്ഥന് കൊവിഡ് 19 രോഗബാധയുണ്ടായതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ സര്‍വേ പ്രവര്‍ത്തനങ്ങളെ വാര്‍ത്തയില്‍ വികൃതമായി ചിത്രീകരിച്ചിരിക്കുകയാണെന്നും സുനിതാ ഭാസ്‌ക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Update: 2020-07-10 16:17 GMT

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍.എസ്.ഒ) 'സാമൂഹിക സാമ്പത്തിക സര്‍വേ' നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു മലയാളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത തീര്‍ത്തും തെറ്റിദ്ധാരണാജനകമാണെന്ന് എന്‍എസ്ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിതാ ഭാസ്‌ക്കര്‍ അറിയിച്ചു.

ആധികാരികതയില്ലാത്ത സ്രോതസില്‍ നിന്നുള്ള വളച്ചൊടിച്ച വിവരങ്ങളാണ് ആ വാര്‍ത്തയിലുള്ളത്. മറ്റൊരു സംസ്ഥാനത്തെ സര്‍വേ ഉദ്യോഗസ്ഥന് കൊവിഡ് 19 രോഗബാധയുണ്ടായതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ സര്‍വേ പ്രവര്‍ത്തനങ്ങളെ വാര്‍ത്തയില്‍ വികൃതമായി ചിത്രീകരിച്ചിരിക്കുകയാണെന്നും സുനിതാ ഭാസ്‌ക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതുകൊണ്ടുതന്നെ ഈ വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും അവര്‍ സര്‍വേ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

എന്‍എസ്ഒയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്ന നിലയിലാണ് വാര്‍ത്തയില്‍ ചില വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എന്‍എസ്ഒ കേരള മേഖലാ ഓഫിസിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥരാരും ഈ ദിനപത്രത്തിന് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, ഒരു റിപ്പോര്‍ട്ടര്‍മാരും വസ്തുതാപരിശോധിക്കാനായി ഈ ഓഫിസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുനിതാ ഭാസ്‌ക്കര്‍ വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനുശേഷമാണ് സര്‍വേ നടപടികള്‍ പുനരാരംഭിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ എല്ലാ കൊവിഡ്19 മാനദണ്ഡങ്ങളും പാലിച്ചാണ് സര്‍വേ നടത്തുന്നത്. മാത്രമല്ല, സംസ്ഥാനത്ത് കൊവിഡ്19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും ബന്ധപ്പെട്ട മറ്റ് അധികാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ആവശ്യമായ അനുമതിയും സഹകരണവും ലഭിച്ചശേഷമേ സര്‍വേ നടപടികള്‍ പാടുള്ളുവെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴിവാക്കിയും സംസ്ഥാനത്ത് കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുളള സുരക്ഷാ നടപടികള്‍ പിന്തുടര്‍ന്നുകൊണ്ടുമാണ് എന്‍എസ്ഒയുടെ സര്‍വേകള്‍ നടത്തുന്നത്.

തൊഴില്‍ മേഖലയിലും സാമൂഹികസാമ്പത്തിക സ്ഥിതികളിലും ഈ മഹാമാരി ഏതുതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്ന് കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തില്‍ വിവിധ നയങ്ങളും വികസന പദ്ധതികളും കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് രൂപീകരിക്കുന്നതിനും ഇത്തരം സര്‍വേകളുടെ ഫലം അതീവ പ്രാധാന്യമുള്ളതാണ്.

കേരളത്തില്‍ എന്‍എസ്ഒയുടെ സര്‍വേ നടക്കുന്നിടത്തെല്ലാം തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും ശാരീരിക അകലം എന്ന മാനദണ്ഡം പാലിച്ചുകൊണ്ടുതന്നെ സര്‍വേയ്ക്ക് വേണ്ട സഹകരണം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുമുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരന്തരം വീക്ഷിക്കുകയും വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍വേ നടപടികളുടെ സൂഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും എന്‍എസ്ഒ കേരള-ലക്ഷദ്വീപ് ഓഫിസ് അഭ്യര്‍ത്ഥിച്ചു.

Tags: