കര്‍ഷകരോഷം തണുപ്പിക്കാന്‍ അടുത്ത കേന്ദ്ര ബജറ്റില്‍ രാസവള സബ്‌സിഡിക്ക് 1,40,000 കോടി രൂപ നീക്കിവയ്ക്കുമെന്ന് സൂചന

Update: 2022-01-17 12:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അതൃപ്തിയും രോഷവും തണുപ്പിക്കാന്‍ രാസവള സബ്‌സിഡിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അടുത്ത ബജറ്റില്‍ രാസവള സബ്‌സിഡിക്ക് 1,40,000 കോടി രൂപയാണ് നീക്കിവയ്ക്കുക.

ഈ പണം മാര്‍ക്കറ്റ് വിലയിലും കുറവിന് രാസവളം വില്‍ക്കാന്‍ കമ്പനികള്‍ക്ക് സഹായമായി നല്‍കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

ഇതുസംബന്ധിച്ച അവസാന തീരുമാനം ഇതുവരെ എടുത്തുകഴിഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തീരുമാനം ഇതുവരെ പരസ്യമാക്കിയിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന കര്‍ഷക സമരം കര്‍ഷകരെ സര്‍ക്കാരില്‍ നിന്നും ബിജെപിയില്‍നിന്നും അകറ്റിയിണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് രാസവളസബ്‌സിഡി നല്‍കുന്നത്. രാജ്യത്ത് 60 ശതമാനവും പേര്‍ കാര്‍ഷിക വൃത്തി നടത്തി ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. രാസവള സബ്‌സിഡി പ്രഖ്യാപനത്തിലൂടെ കര്‍ഷക ഹൃദയം പിടിച്ചെടുക്കാനും അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് ബിജെപി കരുതുന്നത്. ഫെബ്രുവരി മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാകട്ടെ കര്‍ഷകപ്രാധാന്യമുള്ള സംസ്ഥാനങ്ങളുമാണ്.

ധനമന്ത്രാലയം ഔദ്യോഗികമായി വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

2021 ഫെബ്രുവരിലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിത്തുക 80,000 കോടി രൂപ വര്‍ധിപ്പിച്ചിരുന്നു.

Similar News