അമിത് ഷായെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ തമിഴ്‌നാട്ടിലെ പുതിയ ഡിജിപി; കേന്ദ്ര സര്‍ക്കാരിനെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍
ചെന്നൈ: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ തുടക്കത്തിലേ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ പടപ്പുറപ്പാട്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊലപ്പെടുത്തിയ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫിസര്‍ പി കന്തസ്വാമിയെ സ്റ്റാലിന്‍ തന്റെ പുതിയ ഡിജിപിയായി നിയമിച്ചു .വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലാണ് നിയമനം.
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി എന്നിവര്‍ 2005ല്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ സഹായിയായ തുളസിറാം പ്രജാപതിയും സമാനമായ രീതിയില്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. ഈ കേസില്‍ അമിത് ഷായ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് വിവിധ ഉദ്യോഗസ്ഥര്‍ പല ഘട്ടങ്ങളിലായി വെളിപ്പെടുത്തിയിരുന്നു. 2010ല്‍ അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് കന്തസ്വാമി അമിത് ഷായെ അറസ്റ്റ് ചെയ്തത്.
താന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ എഐഎഡിഎംകെയുടെ ഭരണകാലത്തെ മുഴുവന്‍ അഴിമതിക്കേസുകളും അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ സ്റ്റാലിന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്കും നിരവധി മന്ത്രിമാര്‍ക്കുമെതിരേ സ്റ്റാലിന്‍ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതൊക്കെ അന്വേഷിക്കുമെന്നായിരുന്നു സ്റ്റാലിന്റെ വാഗ്ദാനം.
അമിത് ഷായ അറസ്റ്റ് ചെയ്യുന്ന സമയത്ത് കന്തസ്വാമി സിബിഐയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു. കന്തസ്വാമിയും അദ്ദേഹത്തിന്റെ കീഴ് ഉദ്യോഗസ്ഥനുമായ ഡിഐജി അമിതാഭ് താക്കൂറും ചേര്‍ന്നാണ് അമിത് ഷായെ അറസ്റ്റ് ചെയ്തത്. പിന്നീട് അമിത്ഷായെ ഈ കേസില്‍ കോടതി കുറ്റവിമുക്തനാക്കി. തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥനാണ് കന്തസ്വാമി.
2007 ല്‍ ബ്രിട്ടീഷ് കൗമാരക്കാരിയെ ഗോവയില്‍ വച്ച് ബലാല്‍ സംഗം ചെയ്ത കേസ് അന്വേഷിച്ച് കണ്ടെത്തിയത് കന്തസ്വാമിയും താക്കൂറും ചേര്‍ന്നാണ്. പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്വേഷിച്ചതും കന്തസ്വാമിയാണ്. .
ഒരേ സമയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്കുമെതിരേയാണ് സ്റ്റാലിന്റെ ഓരേ സമയം ആയുധമെടുത്തിരിക്കുന്നത്.
