റിപബ്ലിക് ടിവിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും പറ്റാത്തത്: സുപ്രിം കോടതി

ആവശ്യങ്ങള്‍ കുറച്ചു കൂടുതലാണെന്നും ഹരജി പരിഗണിക്കാന്‍ പോലും പറ്റില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Update: 2020-12-08 19:39 GMT

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് റിപബ്ലിക് ടിവി സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ പോലും പറ്റാത്തതാണെന്നു പറഞ്ഞ് സുപ്രിംകോടതി തള്ളി. റിപബ്ലിക് ടിവിക്കെതിരെ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദ് ചെയ്യണം, മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ കുറച്ചു കൂടുതലാണെന്നും ഹരജി പരിഗണിക്കാന്‍ പോലും പറ്റില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഹരജി പിന്‍വലിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് വ്യക്തമാക്കി.


റിപബ്ലിക് ടിവി ഉടമസ്ഥരായ എ.ആര്‍.ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് മുംബൈ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരെ കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 23നാണ് റിപ്പബ്ലിക് ടിവി അവതാരകര്‍ക്കും എഡിറ്റോറിയല്‍ ടീമിനുമെതിരെ മുംബൈ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ അപ്രീതിയും ജനരോഷവും ഉണ്ടാക്കും വിധം വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ചായിരുന്നു കേസ്. നിലവിലെ കേസുകള്‍ സി.ബി.ഐക്ക് കൈമാറണമെന്നും റിപബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.




Tags: