കര്‍ണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെതിരേ കേസെടുക്കണമെന്ന് ആവശ്യം; കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി

Update: 2021-08-30 14:00 GMT

കര്‍ണല്‍: കര്‍ണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെതിരേ നടപടി ആവശ്യപ്പെട്ട് ഹരിയാനയിലെ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ശനിയാഴ്ചയുണ്ടായ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കുകയും കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത എസ്ഡിഎം ആയുഷ് സിന്‍ഹക്കെതിരേയാണ് പ്രതിഷേധം പുകയുന്നത്.

നടപടിയെടുക്കാന്‍ കര്‍ഷക നേതാക്കള്‍ സര്‍ക്കാരിന് ഒരാഴ്ച സമയം നല്‍കി. പോലിസ് നടപടിക്കിടയില്‍ കൊല്ലപ്പെട്ട സുശില്‍ കാജലിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കെതിരേ നടത്തിയ ലാത്തിച്ചാര്‍ജിലാണ് സുശില്‍ കൊല്ലപ്പെട്ടത്. പോലിസ് നടപടിക്കിടയില്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കണമെന്നും ആവശ്യപ്പെട്ടു.

കര്‍ണാല്‍ മഹാപഞ്ചായത്തില്‍ വിളിച്ചുചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സപ്തംബര്‍ 6നകം നടപടിയെടുത്തില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ കര്‍ണല്‍ മിനി സെക്രട്ടറിയേറ്റ് അനിശ്ചിതകാലത്തേക്ക് ഘരാവോ ചെയ്യുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

കര്‍ണല്‍ എസ്ഡിഎം ആയുഷ് സിന്‍ഹയുടെ നടപടിയെ കര്‍ഷകര്‍ അപലപിച്ചു.

സമരം ചെയ്യുന്ന കര്‍ഷക നേതാക്കളുടെ തല തല്ലിപ്പൊളിക്കണമെന്ന് പോലിസിന് നിര്‍ദേശം നല്‍കുന്ന കര്‍ണല്‍ എസ്ഡി എമ്മിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ആഗസ്ത് 28ന് ബിജെപി നേതാക്കളുടെ യോഗസ്ഥലത്തേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെയാണ് പോലിസ് മര്‍ദ്ദിച്ചതും ഒരാള്‍ കൊല്ലപ്പെട്ടതും. 

Tags:    

Similar News