നെടുമങ്ങാട് നിയമസഭാ മണ്ഡലം സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ മണ്ഡലമായി

Update: 2021-08-01 08:38 GMT

തിരുവനന്തപുരം: നെടുമങ്ങാട് നിയമസഭാ മണ്ഡലം സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ മണ്ഡലമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപനം നിര്‍വഹിച്ചു. ഈ പദവി കൈവരിച്ചതുവഴി നെടുമങ്ങാട് മണ്ഡലം സംസ്ഥാനത്തിനു മാതൃകയായിരിക്കുകയാണെന്നു പ്രഖ്യാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.  

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത ഒരു വിദ്യാര്‍ഥി പോലും മണ്ഡലത്തിലുണ്ടാകരുത് എന്ന ലക്ഷ്യം കൈവരിച്ചാണ് നെടുമങ്ങാട് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ എന്ന നേട്ടം സ്വന്തമാക്കിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഇല്ലാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് അവ ലഭ്യമാക്കുന്നതിനു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായിനിന്നു പ്രവര്‍ത്തിച്ചത് ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനിലൂടെ മണ്ഡലം നേടിയത് അഭിമാനകരമായ നേട്ടമാണെന്നു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പുരോഗമിക്കുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ മണ്ഡലത്തില്‍ ഒരു ടീം രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 

മണ്ഡലത്തിലെ ഒരു വീട് ഒരു യൂണിറ്റ് എന്ന കാഴ്ചപ്പാടിലാണ് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠനോപകരണങ്ങളില്ലാതിരുന്ന മണ്ഡലത്തിലെ 1,980 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടിവി എന്നിവ എത്തിച്ചു നല്‍കാന്‍ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവരുടെ ആശംസയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 

കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീല കുമാരി, അഡ്വക്കേറ്റ് കെ. ശ്രീകാന്ത്, കെ. വേണുഗോപാലന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. കോമളം, വി. അമ്പിളി, പി. നന്ദു, ആറ്റിങ്ങല്‍ ഡി.ഇ.ഒ. ജെ സിന്ധു, തിരുവനന്തപുരം ഡി.ഇ.ഒ. കെ. സിയാദ്, പിടിഎ പ്രസിഡന്റ് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Similar News