16 സംഘടനകളെ നിരോധിച്ച തെലങ്കാന സര്‍ക്കാര്‍ നടപടിയെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുകയെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലീകാവശമാണെന്ന് എന്‍സിഎച്ച്ആര്‍ഒ ചൂണ്ടിക്കാട്ടി.

Update: 2021-04-26 10:34 GMT

ഹൈദരാബാദ്: സംസ്ഥാനത്ത് 16 രാഷ്ട്രീയ സംഘടനകളെ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിച്ച് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ).

റെവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്‍, തെലങ്കാന പ്രജാ ഫ്രണ്ട്, തെലങ്കാന അസംഘടിത കാര്‍മ്മിക സംഖ്യ, തെലങ്കാന വിദ്യാര്‍ത്ഥി വേദിക, ഡമോക്രാറ്റിക് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍, തെലങ്കാന വിദ്യാര്‍ഥി സംഘം, ആദിവാസി സ്റ്റുഡന്റ്‌സ് യൂണിയന്‍, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സമിതി, തെലങ്കാന റൈതംഗ സമിതി, തുദും ദെബ്ബ, പ്രജാ കലാ മണ്ഡലി, തെലങ്കാന ഡമോക്രാറ്റിക് ഫ്രണ്ട്, ഫോറം എഗൈന്‍സ്റ്റ് ഹിന്ദു ഫാസിസ്റ്റ് ഒഫെന്‍സീവ്, സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി, അമരുല ബന്ദു മിത്രുല സംഘം, ചൈതന്യ മഹിള സംഘം എന്നീ 16 സംഘടനകളെയാണ് കഴിഞ്ഞ ദിവസം തെലങ്കാന സര്‍ക്കാര്‍ നിരോധിച്ചത്.

നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഈ നടപടി. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍, പൗരത്വ ഭേദഗതി നിയമം, പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന സംഘടനകളാണിത്. നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുകയെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലീകാവശമാണെന്ന് എന്‍സിഎച്ച്ആര്‍ഒ ചൂണ്ടിക്കാട്ടി.

ജനങ്ങളെ സര്‍ക്കാരിനെതിരേ കലാപത്തിന് പ്രേരിപ്പിച്ചുവെന്നും ഈ സംഘടനകള്‍ 'നഗര ഗറില്ല തന്ത്രങ്ങള്‍' സ്വകീരിച്ചുവെന്നുമാണ് സര്‍ക്കാര്‍ ആരോപണം. എന്നാല്‍, ഈ വാദങ്ങള്‍ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും സര്‍ക്കാരിന് മുന്നോട്ട് വയ്ക്കാനായിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

2016 മുതല്‍ ജയിലില്‍ കഴിയുന്ന ഭിന്നശേഷിക്കാരനായ പ്രഫസര്‍ ജി എന്‍ സായിബാബയെ മോചിപ്പിക്കാന്‍ ഈ സംഘടനയിലെ അംഗങ്ങള്‍ ശ്രമിച്ചെന്നാണ് മറ്റൊരു ആരോപണം. തെലങ്കാന സര്‍ക്കാര്‍ നിരോധിച്ച സംഘടനകളുമായി എന്‍സിഎച്ച്ആര്‍ഒ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുന്നതായും സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News