ജോലി തേടി കടല്‍ കടന്ന ദേശീയതാരം തിരിച്ചെത്തിയത് തകര്‍ന്ന സ്വപന്ങ്ങളുമായി
കുഞ്ഞിമുഹമ്മദ്, കാളികാവ്
കാളികാവ്: ദുരിതങ്ങള്‍ക്ക് അറുതിയാവുമെന്ന പ്രതീക്ഷയില്‍ ഖത്തറില്‍ പോയ ദേശീയ അത്‌ലറ്റിക്ക് താരം അബ്ദുസമദ് ഒടുവില്‍ വീടണഞ്ഞു. കാളികാവ് അഞ്ചച്ചവിടി റിട്ട: ജയില്‍ സൂപ്രണ്ട് ആറങ്ങോടന്‍ മുഹമ്മദലിയുടെ മകന്‍ അബ്ദുസ്സമദാണ് ഓടിയും ചാടിയും നേടിയ മെഡല്‍ കൂമ്പാരങ്ങളെ നോക്കി വീട്ടില്‍ വിങ്ങിപ്പൊട്ടുന്നത്.
അത്‌ലറ്റിക്‌സില്‍ സംസ്ഥാന തലത്തിലും ദേശീയതലത്തിലും മെഡല്‍ നേടിയ താരം പഠനം കഴിഞ്ഞു നാട്ടില്‍ ജോലിയൊന്നും ലഭിക്കാതായപ്പോള്‍ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചു. പെട്ടന്നാണ് ഖത്തറിലേക്ക് വിസ ശരിയാവുന്നത്. ഒരു പാട് സ്വപ്‌നങ്ങളുമായി വിമാനം കയറി. വൈകാതെ ഖത്തറിലെ ഒരു ജിമ്മില്‍ െ്രെടനറായി ജോലി കിട്ടി. കൂടാതെ അവിടത്തെ സ്‌പോര്‍ട് ക്ലബില്‍ അത്‌ലറ്റിക്‌സ് താരമായി മല്‍സരിക്കാനും അവസരം കിട്ടി. ഇക്കാലത്ത് അല്‍ റയ്യാന്‍ അത്‌ലറ്റിക്‌സ് ക്ലബില്‍ ഈജ്പ്തുകാരനായ കോച്ചിന്റെ കീഴില്‍ പരിശീലനം നേടാനും ഭാഗ്യം ലഭിച്ചു. കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോഴാണ് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത്.
എല്ലാ സ്ഥാപനങ്ങളും കടകളും അടച്ച കൂട്ടത്തില്‍ ജിമ്മും അടച്ചുപൂട്ടി. ഇക്കാലമത്രയും വരുമാനമില്ലാതെ മുറിയില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. ഒപ്പം രോഗം പകരുമെന്ന പേടിയും. കുറച്ചു കഴിഞ്ഞതോടെ കയ്യിലെ കാശ് തീര്‍ന്നു. കൊവിഡ് തൊട്ടടുത്ത കെട്ടിടത്തിലെഞ്ഞിയതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് പോരാനുള്ള ശ്രമമായി.
വണ്ടൂര്‍ മണ്ഡലം എംഎല്‍എ, എ പി അനില്‍കുമാറിന്റെ നമ്പറില്‍ വിളിച്ചു. അദ്ദേഹം ഖത്തര്‍ എയര്‍വേഴ്‌സില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിനെ വിളിച്ചു. അബ്ദുസമദിന്റെ നമ്പര്‍ കൊടുത്തു. കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഖത്തറിലെ സന്നദ്ധസംഘടനയായ ഇംകാസിന്റെ പ്രവര്‍ത്തകനായ ശിഹാബിനെ കണ്ടു. അവരും ശ്രമിച്ചു. കെ എം സി സി ക്കാരും സഹായത്തിനെത്തി. ഒടുവില്‍ വിമാനത്തില്‍ സീറ്റ് ശരിയായി. പക്ഷേ, ടിക്കറ്റിന് കാശില്ല. ഇംകാസിന്റെ പ്രവര്‍ത്തകര്‍ സമദിന് ടിക്കെറ്റെടുത്തു കൊടുത്തു.
ജൂണ്‍ 25 ന് നാട്ടിലെത്തിയ അബ്ദുസമദ് ഇപ്പോള്‍ സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഉപ്പയും ഉമ്മയും സഹോദരങ്ങളും ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. ജീവിതകാലം മുഴുവനും നാടിനു വേണ്ടി ഓടിയും ചാടിയും ചെലവഴിച്ച ഈ യുവാവ് തകര്‍ന്ന സ്വപ്നങ്ങളുടെയും അവഗണനയുടെയും കയ്പുനീര്‍ കുടിച്ച് സ്വയം എരിഞ്ഞ് തീരുകയാണ്. തന്നെ സഹായിച്ചവര്‍ക്കും സഹാനുഭൂതിയോടെ സമീപിച്ചവര്‍ക്കും നന്ദി പറഞ്ഞ് അബ്ദുസ്സമദ് കണ്ണ് തുടച്ചു.

