മുഹമ്മദലിയുടെ ദുരൂഹ മരണം: ജില്ലാ പോലിസ് മേധാവി തുടര്‍ നടപടി സ്വീകരിക്കും

2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദലി (49) സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം നല്‍കി കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

Update: 2019-07-04 06:27 GMT

കാളികാവ്: ഒമ്പത് മാസം മുമ്പ് അഞ്ചച്ചവിടി മൈലാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മരുദത്ത് മുഹമ്മദലിയുടെ കേസന്വേഷണം ജില്ലാ പോലിസ് മേധാവി തുടര്‍ നടപടി സ്വീകരിക്കും.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലിസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദലി (49) സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം നല്‍കി കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

സംഭവത്തിനു ശേഷം നാലാംനാള്‍ മുഹമ്മദലിയുടെ ഭാര്യ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെയും കൂട്ടി കാമുകന്റെ കൂടെ ഒളിച്ചോടുകയും ചെയ്തു.

ഇതേ തുടര്‍ന്നു് ബന്ധുക്കള്‍ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാളികാവ് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സാധാരണ മരണമെന്ന നിലയില്‍ മറവു ചെയ്ത മൃതദേഹം 29 ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി.ആന്തരീക രാസപരിശോധനയില്‍ വിഷം അകത്ത് ചെന്നതായി കണ്ടെത്തിയിരുന്നു.സംഭവത്തിനു ശേഷം കാളികാവ് പോലിസ് തമിഴ്‌നാട്ടിലടക്കം അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

മുഖ്യമന്ത്രി, എം എല്‍ എ, ഡിജിപി, എസ് പി എന്നിവര്‍ക്ക് പരാതി നല്‍കി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം െ്രെകംബ്രാഞ്ച് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് യാതൊരു നടപടിയും പിന്നീടുണ്ടായിട്ടില്ല.

തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി എന്ന സന്ദേശം ഇന്നലെയാണ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ലഭിച്ചത്.സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അംഗങ്ങളായ ആലുങ്ങല്‍ അബു, പി കെ മുഹമ്മദ് ശുക്കൂര്‍, മോയിക്കല്‍ ബാപ്പുട്ടി, സി എച്ച് കുഞ്ഞിമുഹമ്മദ് സംസാരിച്ചു.

Tags: