വന്ദേമാതരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് എസ്‌കെഎസ്എസ്എഫ്
കോഴിക്കോട്: രാജ്യത്തെ സര്‍ക്കാര്‍ ചടങ്ങുകളിലും വിദ്യാലയങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള കടന്നുകയറ്റമാണെന്ന് എസ്‌കെഎസ്എസ്എഫ്. ഭരണഘടനാ വിരുദ്ധവും പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുകയും ചെയ്യുന്ന ഈ വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഓരോ മതവിഭാഗത്തിനും അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഗീതങ്ങളും പ്രാര്‍ത്ഥനകളും ആലപിക്കാന്‍ രാജ്യത്ത് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതില്‍ ആര്‍ക്കും പരാതിയോ തര്‍ക്കമോ ഇല്ല. എന്നാല്‍ അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. 1950ല്‍ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചപ്പോള്‍ തന്നെ, വിവാദമായ വരികള്‍ ഒഴിവാക്കി ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമാണ് സ്വീകരിച്ചിരുന്നത്. ഇത് ദേശീയ നേതാക്കളെപ്പോലെ രവീന്ദ്രനാഥ ടാഗോറും അംഗീകരിച്ചതാണ്.
ഭരണഘടനാ ശില്പികള്‍ പക്വമായി എടുത്ത ആ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട്, ഒഴിവാക്കപ്പെട്ട വരികള്‍ കൂടി ഇപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം ആലപിക്കണമെന്ന് ശഠിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വ്യക്തിസ്വാതന്ത്ര്യത്തേയും മതവിശ്വാസത്തേയും ഉപകരണമാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമല്ലെന്നും ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു.