മാളയിലെ മോഹനം ചലച്ചിത്രോത്സവം കൊടിയിറങ്ങി

Update: 2021-03-25 13:46 GMT

മാള: മോഹന്‍ രാഘവന്റെ സ്മരണക്കായി കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ മോഹനം 2021 അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജൊ അദ്ധ്യക്ഷത വഹിച്ചു.

സിനിമയും പൊതുബോധ നിര്‍മ്മിതികളും എന്ന വിഷയത്തില്‍ ഡോ. അനു പാപ്പച്ചന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കുരുത്തോലയില്‍ മോഹന്‍ രാഘവന്റെ ഛായാചിത്രം ഒരുക്കിയ കലാകാരന്‍ സുബ്രഹ്മണ്യന്‍ പുത്തന്‍ചിറയെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാഘവന്‍, ജിനേഷ് എബ്രഹാം, പി ടി വിത്സന്‍, പി കെ കിട്ടന്‍, ഇ കെ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ദേശീയ പുരസ്‌കാരം ലഭിച്ച മലയാള സിനിമ കള്ളനോട്ടം സമാപന ചിത്രമായി പ്രദര്‍ശിപ്പിച്ചു.

ഗ്രാമിക ഫിലിം സൊസൈറ്റിയും അന്നമനട ഓഫ്‌സ്‌റ്റേജും വടമ കരിന്തലക്കൂട്ടവും ചേര്‍ന്ന് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള, ഐ എഫ് എഫ് ടി എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ലോകഭാഷകളില്‍നിന്നും ഇന്ത്യന്‍ ഭാഷകളില്‍നിന്നും മലയാളത്തില്‍നിന്നും തെരഞ്ഞെടുത്ത 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സംവിധായകരായ വിപിന്‍ ആറ്റ്‌ലി, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ, കെ ബി വേണു എന്നിവര്‍ പ്രേക്ഷകരുമായി സംവദിക്കാനെത്തി.

Tags:    

Similar News