പുഴയില്‍ കാണാതായ കുട്ടിയെ കണ്ടെത്താനുള്ള ദൗത്യം: സാമ്പത്തിക ബാധ്യതയില്‍ വലഞ്ഞ് രക്ഷാപ്രവര്‍ത്തനം
പരപ്പനങ്ങാടി:കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങല്‍ പുഴയില്‍ കാണാതായ 17കാരന് വേണ്ടിയുള്ള തിരച്ചിലില്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാകുന്നു. പാലത്തിങ്ങല്‍ ന്യൂ കട്ട് പുഴയില്‍ കാണാതായ താനൂര്‍ എടക്കടപ്പുറം സ്വദേശി കമ്മാക്കന്റെ പുരക്കല്‍ ഷാജഹാന്റെ മകന്‍ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം വെല്ലുവിളിയാകുന്നത്.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, സ്‌ക്യൂബ ടീമുകള്‍ എന്നിവക്ക് ചെലവുകള്‍ വഹിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചില്‍ നിര്‍ത്തുകയുമാണ് പതിവ്.
എന്നാല്‍ പുലര്‍ച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തിരച്ചില്‍ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഇതുവരെ റവന്യൂവിഭാഗമൊ ഇരു മുന്‍സിപ്പാലിറ്റികളൊ ഒരു ചെലവും നല്‍കിയിട്ടില്ല. ഏറെ പരിശീലനം ലഭിച്ച രാപ്പകലില്ലാതെ സേവനം ചെയ്യുന്ന ഇവരുടെ തിരച്ചിലിനായി ഉപയോഗിക്കുന്ന ബോട്ടുകള്‍ക്കടക്കം ഇതിനോടകം വന്‍സാമ്പത്തിക ബാധ്യതയാണ് വന്നതെന്ന് ഇവര്‍ പറയുന്നു.രക്ഷാപ്രവര്‍ത്തനിറങ്ങുന്ന പ്രവര്‍ത്തകരുടെ സ്വന്തം കീശയില്‍ നിന്നാണ് ഇതുവരെ ഇവര്‍ ചെലവ് കണ്ടത്തിയിരുന്നത്. ഇത് രക്ഷാപ്രവര്‍ത്തനം തുടരുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് വോളണ്ടിയര്‍മാര്‍ പറയുന്നു.
ഔദ്യോഗിക തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ട് പോവാത്തതാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിലങ്ങുതടിയാകുന്നത്.പ്രദേശികമായി വരുന്ന അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍സിപ്പാലിറ്റികള്‍ക്കും, മറ്റും ചെലവുകള്‍ വഹിക്കാന്‍ നിയമം ഉണ്ടെന്നിരിക്കെയാണ് അധികൃതര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
