സുരക്ഷിത കുടിയേറ്റത്തിനായി പുതിയ നിയമം; വിദേശകാര്യ മന്ത്രാലയത്തിന്റെ 'ഓവര്‍സീസ് മൊബിലിറ്റി ബില്‍ 2025' ഉടന്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷിത കുടിയേറ്റവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രാലയം 'ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്‍, 2025' പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള എമിഗ്രേഷന്‍ ആക്ട് 1983ന് പകരമാണ് പുതിയ ബില്‍ വരുന്നത്. വിദേശത്ത് തൊഴിലന്വേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതവും ക്രമബദ്ധവുമായ കുടിയേറ്റത്തിനുള്ള സംവിധാനം സൃഷ്ടിക്കുക, അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്ന നയങ്ങള്‍ നടപ്പാക്കുക എന്നിവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാന്‍ ഓവര്‍സീസ് മൊബിലിറ്റി ആന്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശാവസരങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തിനായി നിയമപരമായ ചട്ടക്കൂട് ഒരുക്കാനും ബില്ല് ലക്ഷ്യമിടുന്നു. ഇന്ത്യയിലും വിദേശത്തും മൊബിലിറ്റി റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ച് തൊഴില്‍, പരിശീലനം, ആവശ്യമായ രേഖകള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇതിലൂടെ ഗള്‍ഫ് ഉള്‍പ്പെടെ വിദേശത്തേക്ക് പോകുന്നവര്‍ക്ക് വലിയ സഹായമാകും.
നിയമം നടപ്പാക്കലിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഓവര്‍സീസ് മൊബിലിറ്റി എന്ന പദവി സൃഷ്ടിക്കും. ഈ ഉദ്യോഗസ്ഥന്‍ കേന്ദ്രവും പ്രാദേശികതലങ്ങളിലുമുള്ള മൊബിലിറ്റി റിസോഴ്‌സ് സെന്ററുകളുടെ മേല്‍നോട്ടം വഹിക്കും. പ്രാദേശികതലത്തില്‍ റീജിയണല്‍ ഓവര്‍സീസ് മൊബിലിറ്റി ഓഫീസര്‍മാരെയും നിയമിക്കും. അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ചൂഷണം തടയാന്‍ ബില്ലില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ഏജന്‍സികള്‍ക്ക് അഞ്ചു മുതല്‍ ഇരുപത് ലക്ഷം രൂപ വരെ പിഴയും മറ്റു കര്‍ശന ശിക്ഷകളും ലഭിക്കും.
കുടിയേറ്റവുമായി ബന്ധപ്പെട്ട കൃത്യമായ ഡാറ്റ ശേഖരിക്കുന്നതിനും നയരൂപവത്കരണം മെച്ചപ്പെടുത്തുന്നതിനും സമഗ്ര വിവരസംവിധാനം സ്ഥാപിക്കും. വിദേശത്ത് 182 ദിവസമോ അതിലധികമോ ജോലി ചെയ്ത് നാട്ടിലേക്കു മടങ്ങിയെത്തുന്നവരെ 'തിരിച്ചെത്തുന്നവര്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, അവര്‍ക്കായി പ്രത്യേക സഹായങ്ങള്‍ നല്‍കാനുള്ള സംവിധാനവും ബില്ലില്‍ ഉണ്ട്.
ബില്ലിന്റെ കരട് രൂപം പൊതുജനാഭിപ്രായങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 2025 നവംബര്‍ 9നാണ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഭിപ്രായങ്ങള്‍ us1.epw@mea.gov.in, consultant4.epw@mea.gov.inso2oia1@mea.gov.in എന്ന ഇമെയിലുകളിലേക്ക് അയയ്ക്കാവുന്നതാണ്.
പൊതുജനാഭിപ്രായങ്ങള്‍ പരിഗണിച്ചശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബില്ലിന്റെ പൂര്‍ണരൂപം കാണാന്‍ https://www.mea.gov.in/overseasmobilitybill2025.htm സന്ദര്‍ശിക്കാവുന്നതാണ്.

