കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി തുടങ്ങി

Update: 2022-08-10 15:29 GMT

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75ാം വാര്‍ഷികം 2025 ല്‍ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി നടപടിക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭാ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങള്‍ സംയുക്തമായി നിയമസഭാ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച ഫോട്ടോ വീഡിയോ പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു സ്പീക്കര്‍.

ആദ്യമായിട്ടാണ് കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങള്‍ ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 12 വോള്യങ്ങളിലായി 6,947 പേജുകളില്‍ വ്യാപിച്ചുകിടക്കുന്ന കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങള്‍ 100 പേര്‍ ചേര്‍ന്നാണ് പരിഭാഷപ്പെടുത്തുന്നത്.

2025 ല്‍ ഭരണഘടനയുടെ 25ാം വാര്‍ഷിക ആഘോഷ വേളക്ക് മുമ്പായി പരിഭാഷ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കും.

ഭരണഘടനക്ക് നേരെ വെല്ലുവിളി നേരിടുന്ന സമയമായതിനാലാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. നമ്മുടെ ഭരണഘടന എങ്ങനെ രൂപപ്പെട്ടുവന്നത് നിരന്തരം പറയേണ്ടുന്ന സന്ദര്‍ഭമാണിത്. മതനിരപേക്ഷതയില്‍ ഊന്നിയതിനാലാണ് മുക്കാല്‍ നൂറ്റാണ്ടോളമായി ഇന്ത്യ നിലനിന്നു പോന്നതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മതത്തില്‍ ഊന്നി മുന്നോട്ടുപോയ നമ്മുടെ അയല്‍രാജ്യം വിഭജിക്കപ്പെട്ടു.

സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര ഇന്ത്യക്ക് ആധാരമായ മൂല്യങ്ങളെക്കുറിച്ചും പുതുതലമുറ അറിയേണ്ട സമയമാണ് ആസാദ് കാ അമൃത് മഹോത്സവ്. നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് ജനാധിപത്യത്തിന്റെ പരിമിതിയും ദൗര്‍ബല്യവുമാണ്. സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഒരുക്കിയ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News