ജനങ്ങളുടെ നികുതിപ്പണം ചോരുന്നതിന്റെ ഉത്തമോദാഹരണമായി മാള മത്സ്യമാര്‍ക്കറ്റ്

Update: 2021-09-04 14:22 GMT

മാള: മാള ടൗണ്‍ ശുചിത്വമുള്ളതാക്കി തീര്‍ക്കുന്നതിനും മത്സ്യ വില്‍പ്പനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനുമായി എട്ട് വര്‍ഷത്തോളം മുന്‍പ് നിര്‍മ്മിച്ച് ഉദ്ഘാടനം നടത്തിയ ആധുനിക മത്സ്യ മാര്‍ക്കറ്റ് ജനങ്ങളുടെ നികുതിപ്പണം ചോരുന്നതിന്റെ ഉത്തമോദാഹരണമായി തുടരുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റും അനുബന്ധ സംവിധാനങ്ങളും നശിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം സാമൂഹ്യ വിരുദ്ധരുടെ താവളമായും മാറി. 

മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിയിരുന്നവരെല്ലാം കച്ചവടം അവസാനിപ്പിച്ച് മറ്റിടങ്ങള്‍ തേടിപോയി. മത്സ്യം വാങ്ങാന്‍ ആളുകളെത്താത്തതിനെ തുടര്‍ന്ന് കച്ചവടം നഷ്ടത്തിലായതോടെയാണ് കച്ചവടക്കാരെല്ലാം മത്സ്യ മാര്‍ക്കറ്റിലെ കച്ചവടം അവസാനിപ്പിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. ഇതോടെ എട്ട് വര്‍ഷത്തോളം മുന്‍പ് നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉപയോഗവും സംരക്ഷണവുമില്ലാതെ വെറുതെ കിടക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഒഴിഞ്ഞ് പോയതോടെ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്ന വാടക വരുമാനവും ഇല്ലാതായിരിക്കുകയിട്ട് തന്നെ ഇത്രയും വര്‍ഷങ്ങളായി. എന്നിട്ടും ഗ്രാമപഞ്ചായത്ത് അധികൃതര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടം പുനരാരംഭിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ മാര്‍ക്കറ്റിനെ അവഗണിക്കുകയാണെന്ന പരാതി വ്യാപകമാണ്. 

ഇക്കാലത്തിനിടയില്‍ രണ്ട് ഭരണസമിതികളാണ് മാറി വന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടവും മറ്റും ഒരുക്കിയെങ്കിലും ആവശ്യമായ ഫ്രീസിംഗ് സംവിധാനം ഒരുക്കിയിരുന്നില്ല. മലിനജലം സംസ്‌കരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന സംവിധാനത്തിനും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ സംവിധാനവും കാടുപിടിച്ച് നശിക്കുകയാണ്. 

നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റേയും കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റേയും സംയുക്ത സംരംഭമായ ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടന്നത് 2013 ലാണ്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്താന്‍ മത്സ്യ കച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയതോടെയാണ് മത്സ്യം വാങ്ങാന്‍ മത്സ്യ മാര്‍ക്കറ്റിലേക്ക് അധികമാരും എത്താതായത്. 

ടൗണ്‍ ശുചിത്വമുള്ളതായി സംരക്ഷിക്കാനുള്ള പദ്ധതിയും ഇത് കാരണം വെറുതെയായിരിക്കുകയാണ്. ടൗണിന്റെ ഭാഗമായ കെ കെ റോഡിലും പൊയ്യ റോഡിലുമെല്ലാം അനധികൃത മത്സ്യ വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്. കെ കെ റോഡ് തുടങ്ങുന്ന ഭാഗത്ത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടാണിപ്പോഴത്തെ മത്സ്യവില്‍പ്പന. അനധികൃത മത്സ്യ വില്‍പ്പന വ്യാപകമായതാണ് മാളയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നിലക്കാന്‍ കാരണമെന്നാണ് നാട്ടുകാരെ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ അടക്കമുള്ളവരും പറഞ്ഞിരുന്നത്. 

എട്ട് വര്‍ഷം മുന്‍പ് 75 ലക്ഷം രുപ ചിലവഴിച്ചാണ് ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന ശേഷം ഏതാനും മാസക്കാലം ആറോളം പേര്‍ ഇവിടെ കച്ചവടം നടത്തിയിരുന്നു. മാള ടൗണ്‍ വൃത്തിയുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തതോടെ ടൗണില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ കച്ചവടം ഗ്രാമപഞ്ചായത്ത് നിരോധിക്കുകയും ചെയ്തിരുന്നു. നിരോധനം മറികടന്ന് പലരും കെ കെ റോഡിലും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപവും മറ്റും മത്സ്യ മാംസ കച്ചവടം നടത്തിവരികയാണ്. ഇതോടെയാണ് ആധുനിക മത്സ്യ മാംസ മാര്‍ക്കറ്റ് വിജനമായത്. 

മാസം തോറും വാടകയായി 3000 ത്തിലേറെ രൂപയും കൂടാതെ കറന്റ് ചാര്‍ജ്ജുമായുള്ള ചിലവ് മാര്‍ക്കറ്റില്‍ ലാഭകരമല്ലാത്ത സാഹചര്യമാണ് കച്ചവടക്കാരെ അകറ്റിയത്. ഏതാനും മത്സ്യക്കച്ചവടക്കാര്‍ ചേര്‍ന്ന് വാഹനത്തില്‍ രാവിലെ എത്തിക്കുന്ന മത്സ്യം ഇവിടെ വെച്ച് പങ്കിട്ടെടുക്കുന്ന പ്രവര്‍ത്തനം മാത്രമാണ് ഇവിടെയിപ്പോള്‍ നടക്കുന്നത്.

കച്ചവടക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍തുക മുടക്കി നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഗ്രാമപഞ്ചായത്തിനും യാതൊരു വരുമാനവുമില്ലാത്ത അവസ്ഥയാണുള്ളത്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുകയാണെങ്കില്‍ മത്സ്യ കച്ചവടം വീണ്ടും സജീവമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അല്ലാത്തപക്ഷം കാലക്രമേണ ഈ സ്ഥാപനവും ഈ ഭാഗത്തുള്ള മറ്റ് സ്ഥാപനങ്ങളെ പോലെ നാമവശേഷമാകുന്ന കാഴ്ചയാകും സംജാതമാകുകയെന്നും നാട്ടുകാര്‍. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് മാളയില്‍ ഒരുക്കിയ നിരവധി സ്ഥാപനങ്ങള്‍ വെറും കാഴ്ച വസ്തുവായി മാറിയതിനും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായും മാറുന്ന കൂട്ടത്തിലേക്കീ സ്ഥാപനവും മാറിയെന്നാണ് ആക്ഷേപം. 

Tags: