അസമത്വത്തിന്റെ പ്രധാന കാരണം ജനസംഖ്യാവര്‍ധന; ജനസംഖ്യാനിയന്ത്രണം അനിവാര്യമെന്ന് യോഗി ആദിത്യനാഥ്

Update: 2021-07-11 06:15 GMT

ലഖ്‌നോ: രാജ്യത്തെ അസമത്വത്തിന്റെ പ്രധാന കാരണം ജനസംഖ്യയിലുള്ള വര്‍ധനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാദിനത്തോടനുബന്ധിച്ചാണ് ആദിത്യനാഥിന്റെ പ്രതികരണം.

ആധുനികമായ ഒരു സമൂഹം ഉണ്ടാകണമെങ്കില്‍ ജനസംഖ്യാനിയന്ത്രണം അനിവാര്യമാണ്. അതിന്റെ മുന്നുപാധിയും അതാണ്. ലോക ജനസംഖ്യാ ദിനത്തില്‍ ജനസംഖ്യാ വര്‍ധനയെ സംബന്ധിച്ച് നമുക്ക് പ്രതിജ്ഞയെടുക്കാം- ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

2021-2030 കാലയളവിലെ ജനസംഖ്യാ നയം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നത്. ജനനനിയന്ത്രണ സംവിധാനങ്ങള്‍ വ്യാപകമാക്കുമെന്നും ഗര്‍ഭച്ഛിദ്രം സുരക്ഷിതമായി ചെയ്യാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സാംപിള്‍ സര്‍വെ-4 അനുസരിച്ച് യുപി ആരോഗ്യവകുപ്പ് ഒരു കരട് നിയമം തയ്യാറാക്കിയിട്ടുണ്ട്. പ്രായമായവരുടെ പരിപാലനം, കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ പ്രശ്‌നങ്ങളും നയത്തിന്റെ ഭാഗമാണ്.

രണ്ട് കുട്ടികളില്‍ ഒതുക്കുന്ന ദമ്പതിമാര്‍ക്ക് പ്രത്യേക പ്രോല്‍സാഹനവും നിയമം വ്യവസ്ഥ ചെയ്യുന്നു.

യുപി ജനസംഖ്യ(നിയന്ത്രണവും ക്ഷേമവും) ബില്ല്, 2021 എന്ന പേരില്‍ തയ്യാറാക്കിയ നിയമത്തെ കുറിച്ച് ജൂലൈ 19വരെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.