മറാത്ത സമുദായത്തെ 10 ശതമാനം ഇഡബ്യുഎസ് ക്വാട്ടയില്‍ ഉള്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

Update: 2021-06-01 06:21 GMT

മുംബൈ: മറാത്ത സമുദായത്തെ സാമ്പത്തികമായി താഴ്ന്ന വിഭാഗങ്ങള്‍ക്കു നല്‍കുന്ന 10 ശതമാനം ഇഡബ്യുഎസ് ക്വാട്ടയില്‍ ഉള്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുഭരണവിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

മറാത്ത വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം നല്‍കുന്നതിന് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. 50 ശതമാനത്തിന് പുറത്ത് സംവരണം നല്‍കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു വിധി. 2019ലാണ് സാമ്പത്തികമായി താഴ്ന്ന മേല്‍ജാതി വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങിലെ സീറ്റുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സംവരണം കൊണ്ടുവന്നിരുന്നത്. വാര്‍ഷിക വരുമാനം 10 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായിരുന്നു സംവരണം ഏര്‍പ്പെടുത്തിയത്. മറ്റുതരത്തില്‍ സംവരണം ലഭിക്കാത്തവര്‍ക്കു മാത്രമാണ് ഈ സംവരണത്തിന് അര്‍ഹതയുണ്ടാകൂ. അതിനര്‍ത്ഥം ഉയര്‍ന്ന ജാകിക്കാര്‍ക്കു മാത്രമാണ് ഈ സംവരണം ലഭിക്കുകയുള്ളൂവെന്നാണ്.

സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന വിഭാഗങ്ങള്‍ക്കുള്ള ഇഡബ്യുഎസ് ക്വാട്ടയില്‍ മറാത്ത വിഭാഗത്തിന് സംവരണം ലഭിക്കുമെന്നാണ് തിങ്കളാഴ്ചയിലെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. മെയ് 5നാണ് മറാത്ത സമുദായത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉത്തരവിട്ടത്.

പുതിയ ഉത്തരവിന്റെ ആനുകൂല്യം 6,000 ത്തോളം പേര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

സുപ്രിംകോടതി ഉത്തരവ് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ദിലിപ് ഭോസ് ലെ കമ്മിറ്റിയുടെ കാലാവധി ജൂണ്‍ 7 വരെ നീട്ടിക്കൊണ്ട് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

2018ല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരാണ് മഹാരാഷ്ട്രയിലെ മറാത്തക്കാര്‍ക്ക് 16 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഇത് ബോംബെ ഹൈക്കോടതിയില്‍ ഏതാനും സംഘടനകള്‍ ചോദ്യം ചെയ്തു. ക്വാട്ട 12-13 ശതമാനമായി മാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതി വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി സപ്തംബര്‍ 2020ന് ഇടക്കാല വിധി പ്രഖ്യപിച്ചു. സംവരണം 50 ശതമാനത്തില്‍ അധികമാവരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രത്തിനും കോടതി നോട്ടിസ് അയച്ചു.

കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ സംവരണത്തിന്റെ പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News