വ്യാജ വാര്‍ത്തകളും വ്യാജ മാധ്യമപ്രവര്‍ത്തകരെയും കണ്ടെത്താന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി

Update: 2021-09-01 03:01 GMT

ചെന്നൈ: വ്യാജ മാധ്യമപ്രവര്‍ത്തകരെയും വ്യാജ വാര്‍ത്തകളും കണ്ടെത്താന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിനായി മൂന്ന് മാസത്തിനുള്ളില്‍ 'പ്രസ് കൗണ്‍സില്‍ ഓഫ് തമിഴ്‌നാട്' രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ എന്‍ കിരുബാകരന്‍, പി വേല്‍മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.


റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തില്‍, സിവില്‍ സര്‍വീസ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (വിരമിച്ചവര്‍) മുതലായ അംഗങ്ങളുള്ള അര്‍ദ്ധജുഡീഷ്യല്‍ കൗണ്‍സിലായിരിക്കണം ഇത്. പ്രസ് അക്രഡിറ്റേഷന്‍ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദിഷ്ട പ്രസ് കൗണ്‍സില്‍ അംഗീകൃത പത്രപ്രവര്‍ത്തകരെ സര്‍ക്കാര്‍ വകുപ്പിലെ പ്രവര്‍ത്തനങ്ങളിലോ, കരാര്‍ ജോലികളില്‍ നിന്നോ തടയണമെന്നും നിര്‍ദ്ദേശിച്ചു.


മാധ്യമ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണം, ശമ്പള സ്ലിപ്പുകള്‍, ടിഡിഎസ് വിശദാംശങ്ങള്‍, സര്‍ക്കാരിന് അടച്ച നികുതി എന്നിവ വെളിപ്പെടുത്താതെ പ്രസ് സ്റ്റിക്കറുകളും തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കരുതെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസ് കൗണ്‍സിലിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ പത്രസമ്മേളനങ്ങളോ മാധ്യമ സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങളോ മീറ്റിംഗുകളോ നടത്തുന്നത് നിരോധിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.


വാഹനങ്ങളുടെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ 'പ്രസ്സ്' സ്റ്റിക്കര്‍ പതിക്കുന്നതും ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകരെപ്പോലെ ആഡംബര കാറുകളില്‍ ഇത്തരം സ്റ്റിക്കര്‍ പതിച്ച് സഞ്ചരിക്കുന്നതുമായ വ്യാജ മാധ്യമപ്രവര്‍ത്തകര്‍ ഒരു സാധാരണ കാഴ്ചയായി മാറിയെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരക്കാര്‍ വിവിധ മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. പല കേസുകളും പുറത്തുവന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനം ശുദ്ധവും ശക്തവുമാണെന്ന് ഉറപ്പുവരുത്താന്‍ ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.




Tags:    

Similar News