വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണ തൃപ്തിയെന്ന് എല്‍ഡിഎഫ് താനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി

Update: 2021-04-03 13:00 GMT

താനൂര്‍: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ച്ച ഉണ്ടാവുന്ന സാഹചര്യത്തില്‍ താനൂരില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചതായി താനൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഇ ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താനൂരിലെ വോട്ടര്‍മാര്‍ പൂര്‍ണമായും വി അബ്ദുറഹിമാന് പിന്തുണ നല്‍കി പ്രചാരണ രംഗത്ത് സജീവമായ താനൂരില്‍ കാണാനാവുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് താനൂരില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണ തൃപ്തിയുണ്ടെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

കത്വ ഉന്നാവോ ഇരകള്‍ക്കായി പിരിച്ചെടുത്ത ഫണ്ട് തിരിമറി നടത്തിയ പ്രതിയാണ് താനൂരില്‍ മത്സരിക്കുന്നത്. ഇതുവരേക്കും ജാമ്യമെടുക്കാനും സ്ഥാനാര്‍ഥി തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. താനൂരിലെ വോട്ടര്‍മാര്‍ ഫണ്ട് വെട്ടിപ്പുമായി നിരന്തരം ചോദ്യം ഉന്നയിച്ചപ്പോള്‍ കത്വയിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണെന്ന് പറയുന്നവരുടെ വീഡിയോ ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തു വിടുന്നത്. മാത്രമല്ല കത്വയിലെ പെണ്‍കുട്ടിയുടെ കേസ് നടത്തിയിരുന്ന അഡ്വ. ദീപിക സിംഗ് രജാവത്തിനെ തള്ളി പറഞ്ഞിരുന്ന മുസ്‌ലിം യൂത്ത് ലീഗ് ഇപ്പോള്‍ പ്രചാരണത്തിനായി താനൂരില്‍ എത്തിച്ചിരിക്കുന്നു.

തങ്ങളുടെ വക്കീല്‍ മുബീന്‍ ഫാറൂഖിയാണെന്ന് പറഞ്ഞിരുന്ന യൂത്ത് ലീഗ് ഇപ്പോള്‍ അഡ്വ. ദീപിക സിംഗ് രജാവത്തിനെ ഉയര്‍ത്തിക്കാട്ടുന്നതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

നേരിനൊപ്പം താനൂരിനൊപ്പം എന്ന് പറയുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കളവിനൊപ്പം മാത്രമാണ് സഞ്ചരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് പുറത്തു വിടുന്ന പല കഥാപാത്രങ്ങള്‍ ഇനിയും വരുമെന്നും പരാജയം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

കത്വ, ഉന്നാവോ വിഷയങ്ങളില്‍ മുസ്‌ലിം ലീഗിനകത്ത് അമര്‍ഷം പുകയുന്നുണ്ട്. കഴിഞ്ഞ ദിവസം ചെറിയമുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി അബ്ദുല്‍സലാം ലീഗ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയിലെ പ്രധാന നേതാക്കളടക്കം ലീഗ് വിടുമെന്നും എല്‍ഡിഎഫ് നേതാക്കളായ ഇ ജയന്‍, എ പി സിദ്ദീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News