വയനാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി നേതാവ് നവ്യ ഹരിദാസ് സമര്‍പ്പിച്ച ഹരജിയില്‍ പ്രിയങ്ക ഗാന്ധിക്ക് സമന്‍സ്

കേസ് കോടതി ഓഗസ്റ്റില്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിവച്ചു.

Update: 2025-06-11 05:37 GMT

കൊച്ചി: 2024 നവംബറിലെ ഉപതിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ബിജെപി നേതാവ് നവ്യ ഹരിദാസ് സമര്‍പ്പിച്ച ഹരജിയില്‍ പ്രിയങ്ക ഗാന്ധിക്ക് സമന്‍സ് അയച്ച് ഹൈക്കോടതി. നവ്യ ഹരിദാസിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം കേട്ട ജസ്റ്റിസ് കെ ബാബു ഹരജി സ്വീകരിക്കുകയും സമന്‍സ് അയയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പില്‍ 5 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് സിപിഎമ്മിന്റെ സത്യന്‍ മൊകേരിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.

തന്റെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെയും നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പ്രിയങ്ക ഗാന്ധി പരാജയപ്പെട്ടുവെന്ന് നവ്യ ഹരിദാസ് തന്റെ ഹരജിയില്‍ ആരോപിച്ചു. വസ്തുതകള്‍ മറച്ചുവെക്കുന്ന് 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നിര്‍ബന്ധിത വെളിപ്പെടുത്തല്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം.

ഇത്തരം പ്രവൃത്തിയിലൂടെ പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും വോട്ടര്‍മാരെ അനാവശ്യമായി സ്വാധീനിച്ചുവെന്നും ആരോപിച്ച് തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവ്യ ഹരിദാസ് കോടതിയെ സമീപിച്ചത്. നവ്യ ഹരിദാസിനു വേണ്ടി അഭിഭാഷകന്‍ ഹരികുമാര്‍ ജി നായര്‍ ഹാജരായി. കേസ് കോടതി ഓഗസ്റ്റില്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിവച്ചു.

Tags: