കര്‍ണാടക സര്‍ക്കാരിന്റെ 'വര്‍ഗീയ വിരുദ്ധ സേന' 'ഹിന്ദു വിരുദ്ധ'മെന്ന് ബിജെപി

Update: 2025-05-06 08:53 GMT

മംഗളൂരു: ബജ്‌റങ് ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെതുടര്‍ന്ന് കര്‍ണാടകയുടെ തീരദേശ മേഖലയില്‍ 'വര്‍ഗീയ വിരുദ്ധ സേന' (എസിഎഫ്) രൂപീകരിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരേ വിമര്‍ശനവുമായി ബിജെപി. 'വര്‍ഗീയ വിരുദ്ധ സേന' എന്നത് ഹിന്ദുത്വയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നും അത് 'ഹിന്ദു വിരുദ്ധ സേന'യാണെന്നും ബിജെപി പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് 1നാണ് ബജ്റംങ് ദള്‍ അംഗവും 2022 ലെ മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപെടുന്നത്. സുഹാസിന്റെ കൊലപാതകത്തിന് കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരന്‍ ഉള്‍പ്പെടെ എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അതേസമയം,ഫാസിലിന്റെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരത്തേില്‍ നിന്നും 5 ലക്ഷം രൂപ സുഹാസിന്റെ കൊലപാതകികള്‍ക്ക് നല്‍കിയതായി കണ്ടെത്തിയെന്നാണ് പോലിസ് വാദം.

'സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഫാസിലിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി, ഈ നഷ്ടപരിഹാര തുക അവര്‍ കൊലപാതകത്തിനായി ഉപയോഗിച്ചു. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് ഫാസിലിന്റെ സഹോദരന്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്,' സ്ഥലം എംഎല്‍എ കുമാര്‍ പറഞ്ഞു.

എന്നാല്‍, ഫാസിലിന്റെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാര തുക ദുരുപയോഗം ചെയ്തതായി തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള വര്‍ഗീയ അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പ്രദേശം ഇടയായ സാഹചര്യത്തിലാണ്, സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവിനോടൊപ്പം ആഭ്യന്തരമന്ത്രി ജി പരമേശ്വര മംഗളൂരു സന്ദര്‍ശിച്ചത്. തുടര്‍ന്ന് അദ്ദേഹം തീരദേശ ജില്ലകളില്‍ വര്‍ഗീയ അക്രമത്തിന് പ്രേരിപ്പിക്കുന്ന സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കുന്നതിന് ഒരു പ്രത്യേക എസിഎഫ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, സുഹാസ് ഷെട്ടി കൊലപാതകത്തിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൊലപാതകം ഒറ്റപ്പെട്ട ഒന്നല്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ കര്‍ണാടകയില്‍ ഹിന്ദു പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള കൊലപാതകങ്ങളുടെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മാതൃകയാണിതെന്നും തേജസ്വി സൂര്യ പറയുന്നു.

Tags: