വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ അടിയന്തിരമായി പരിശോധിക്കണം; വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

Update: 2021-06-29 09:39 GMT

കോഴിക്കോട്: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈന്‍ രാജിവെച്ചെങ്കിലും കഴിഞ്ഞ കാലയളവിലെ വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം സ്ത്രീപീഡകര്‍ക്ക് വേണ്ടി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ഇടപെടലുകള്‍ നടത്തിയെന്ന പരാതികള്‍ ഗൗരവമുള്ളതാണ്. 2016ല്‍ തൃശൂര്‍ ജില്ലയില്‍ നടന്ന ഒരു ബലാല്‍സംഗക്കേസില്‍ പ്രതിക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയത് ഒളിംപ്യന്‍ മയൂഖയാണ്. വനിതകളുടെ ക്ഷേമത്തിനും നീതിക്കും വേണ്ടി ഇടപെടാന്‍ കോടികള്‍ ചിലവഴിച്ച് നടത്തിപ്പോരുന്ന ഒരു കമ്മീഷന്റെ അദ്ധ്യക്ഷ തന്നെ ബലാല്‍സംഗക്കേസിലെ പ്രതിക്ക് വേണ്ടി ഇടപെടുന്നത് എത്ര ഗുരുതരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.


നിരവധി പരാതികളാണ് ജോസഫൈനെതിരെ വന്നിരിക്കുന്നത്. വനിതാ കമ്മീഷന്‍ സ്ത്രീകളെ സംരക്ഷിക്കുകയല്ല മറിച്ച് സ്ത്രീ പീഡകരുടെ കൂടെയാണെന്ന് തെളിഞ്ഞിരിക്കെ വനിതാ കമ്മീഷന്‍ ഇടപെട്ട കേസുകള്‍ അടിയന്തിരമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു.




Tags: