പെരിന്തല്‍മണ്ണ കാദറലി ക്ലബ്ബിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലു മണിക്ക്

Update: 2022-03-26 09:15 GMT

പെരിന്തല്‍മണ്ണ: കായിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി 62 വര്‍ഷം പിന്നിട്ട പെരിന്തല്‍മണ്ണ കാദര്‍ ആന്‍ഡ് മുഹമ്മദലി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ( 26 03 2022 ശനിയാഴ്ച ) വൈകീട്ട് നാലിന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും.

കോണ്‍ഫറന്‍സ് ഹാള്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ.യും റഫറന്‍സ് ലൈബ്രറി ഹാള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും ഓഫീസ് നഗരസഭാധ്യക്ഷന്‍ പി. ഷാജിയും ഉദ്ഘാടനം ചെയ്യും. മൂസക്കുട്ടി സ്മാരക ബസ്സ്റ്റാന്‍ഡിനു സമീപം വാങ്ങിയ 15 സെന്റിലാണ് ആധുനികസൗകര്യങ്ങളോടെ കെട്ടിടം. ആദ്യഘട്ട നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. സ്ഥലവില ഉള്‍പ്പെടെ രണ്ടുകോടിയോളം രൂപ ചെലവിലാണ് കെട്ടിടം.

1961ല്‍ ഫുട്‌ബോള്‍ താരങ്ങളായിരുന്ന ചേറ്റുവായി കാദറിന്റെയും ഇ.കെ. മുഹമ്മദലിയുടെയും കളിക്കൂട്ടുകാര്‍ ചേര്‍ന്നാണ് ഇവരുടെ സ്മരണയ്ക്കായി ക്ലബ്ബിന് രൂപംനല്‍കിയത്. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന കാദറലി സെവന്‍സ് ഫുട്‌ബോളിന്റെ സംഘാടകരാണ് ക്ലബ്ബ്. 49ാമത് ടൂര്‍ണമെന്റ് ഈ മാസമാണ് നടന്നത്. ക്ലബ്ബിന്റെ 50ാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പുതിയ ഓഫിസ് കെട്ടിടമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ലാഭം മുഴുവനും ജീവകാരുണ്യമേഖലയില്‍ ചെലവഴിക്കുന്ന ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പദ്ധതികളായ വൃക്കരോഗമുള്ളവരുടെ പെന്‍ഷന്‍ പദ്ധതിയും നിര്‍ധന രോഗികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ആവശ്യത്തിനു നല്‍കുന്ന പദ്ധതിയും ജൂണില്‍ തുടങ്ങും. പെരിന്തല്‍മണ്ണയില്‍ ആധുനികസൗകര്യങ്ങളോടെ സ്‌റ്റേഡിയം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്കായി ജനപ്രതിനിധികളുമായുള്ള യോഗവും അടുത്തമാസം ആദ്യം ചേരും.

ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറര്‍ മണ്ണില്‍ ഹസ്സന്‍, ജോയിന്റ് സെക്രട്ടറി എച്ച്. മുഹമ്മദ് ഖാന്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

Tags: