'വിദ്യാകിരണം' മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ
തിരുവനന്തപുരം; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന 'വിദ്യാകിരണം' മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര പൂവച്ചല്‍ ജി. വി. എച്ച്. എസ്. എസില്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു സ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നടക്കുക.
90 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചിലവഴിച്ചിരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒരു കെട്ടിടത്തിന് അഞ്ചു കോടി വീതം ചെലവഴിച്ച് നാലു സ്‌കൂള്‍ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന് മൂന്നു കോടി രൂപ എന്ന വീതം ചെലവഴിച്ച് 10 കെട്ടിടങ്ങളും ഒരു കെട്ടിടത്തിന് ഒരു കോടി രൂപ വീതം ചെലവഴിച്ച് രണ്ട് കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. എം. എല്‍. എ ഫണ്ട്, പഌന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ടുകളില്‍ നിന്നുള്ള 40 കോടി രൂപ ചെലവഴിച്ചു 37 കെട്ടിടങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയതായി മന്ത്രി. പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അരുവിക്കര എം. എല്‍. എ അഡ്വ. ജി. സ്റ്റീഫന് മുഖ്യമന്ത്രി കെട്ടിടത്തിന്റെ താക്കോല്‍ കൈമാറും.