സര്‍ക്കാര്‍ താല്‍പര്യത്തിനു വേണ്ടി തിരുത്തപ്പെടേണ്ടതല്ല സ്വാതന്ത്ര്യസമര ചരിത്രം: കെ കെ എന്‍ കുറുപ്പ്

Update: 2021-08-27 00:47 GMT

മലപ്പുറം: മലബാര്‍ സമരത്തെ തള്ളിപ്പറയുന്നത് സ്വാതന്ത്ര്യസമരത്തെ തന്നെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നും മലബാര്‍ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യ ഘടകമാന്നെന്നും പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയുമായ കെ.കെ.എന്‍ കുറുപ്പ്. 'പൂക്കോട്ടൂര്‍ ബാറ്റില്‍ ദക്ഷിണേന്ത്യയിലെ ജാലിയന്‍വാലാബാഗ്' എന്ന തലക്കെട്ടില്‍ മലപ്പുറം ജില്ല കെപിസിസി ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച മലബാര്‍ സമര വാര്‍ഷിക കാംപയിന്റെ ഭാഗമായുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൂക്കോട്ടൂര്‍ ബാറ്റിലിന് 100 വര്‍ഷം തികയുന്ന ആഗസ്ത് 26ന് വ്യത്യസ്ത പരിപാടികളാണ് മലപ്പുറം ജില്ല കെപിസിസി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ചത്. യോഗ്യന്‍ ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പൂക്കോട്ടൂര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങളും പൂക്കോട്ടൂരിലെ ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളും സന്ദര്‍ശിച്ചു. വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന വെബിനാര്‍ കെ.പി.സി.സി ട്രഷറര്‍ കെ.കെ കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ കെ എന്‍ കുറുപ്പ് (കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ), യോഗ്യന്‍ ഹംസ മാസ്റ്റര്‍ (മാപ്പിളകവി), മുസ്തഫ തന്‍വീര്‍ (ഐഎസ്എം വൈസ് പ്രസിഡന്റ്), അഡ്വ മുഹമ്മദ് ഡാനിഷ് , കെ സി അബ്ദുല്‍റഹ്മാന്‍, ഖലീലുള്ള മദനി, ഷബീര്‍ മങ്കട തുടങ്ങിയവര്‍ സംസാരിച്ചു. '1921ന് ഒരു നൂറ്റാണ്ട് അധിനിവേശ വിരുദ്ധ മലയാള രാജ്യത്തിന് 100 വയസ്സ്, എന്ന ക്യാമ്പയിന്‍ കെ.കെ കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.