ചോര വീണ മണ്ണില്‍ നിന്ന് ഒരു വിധവയുടെ ചരിത്ര നിയോഗം...

Update: 2021-05-24 03:10 GMT

പി സി അബ്ദുല്ല

കോഴിക്കോട്: 'കുലം കുത്തി' എന്ന പിണറായി വിജയന്‍റെ പ്രയോഗമായിരുന്നു ടിപി ചന്ദ്രശേഖരന് നേരെ നീണ്ട സിപിഎമ്മിന്‍റെ ആദ്യത്തെ മൂര്‍ച്ചയുള്ള ആയുധം. അതു കഴിഞ്ഞാണ് കൊടി സുനിയും കൂട്ടരും അന്‍പത്തെന്ന് വെട്ടു വെട്ടി ടിപിയെ ഇല്ലാതാക്കിയത്.

ടിപി ഇല്ലാതായെന്നത് പക്ഷേ, സിപിഎമ്മിന്‍റെ അന്നത്തെ സമാധാനം മാത്രമായിരുന്നു. ചന്ദ്ര ശേഖരന്‍റെ ചോരയില്‍ നിന്നുയിര്‍ കൊണ്ട പോരാട്ട വീര്യവുമായി കെ കെ രമ ഇന്ന് നിയമസഭയുടെ പടികയറിയെത്തുമ്പോള്‍ പിണറായി വിജയന്‍റെ മുഖത്ത് എന്തു വികാരമാണ് മിന്നിമറിയുകയെന്നത് ഒപ്പിയെടുക്കാന്‍ കാത്തിരിക്കുകയാണ് ക്യാമറക്കണ്ണുകള്‍. 


പതിനഞ്ചാം കേരള നിയമ സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ കെ കെ രമയാണ് സാന്നിധ്യം കൊണ്ട് ഏറ്റവും ശ്രദ്ധേയയാവുക എന്നതില്‍ തര്‍ക്കമില്ല.

ഒഞ്ചിയത്തെ മാര്‍ക്സിസ്റ്റ് തട്ടകത്തില്‍ ടി പി ചന്ദ്രശേഖരന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പതാണ്ട് പിന്നിടുമ്പോഴാണ് ടി പിയുടെ വിധവ രമയുടെ നിയമസഭയിലേക്കുള്ള ചരിത്ര നിയോഗം.

പരമ്പരാഗത ഇടതു തട്ടകമായ വടകരയില്‍ ഏഴായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് രമ വിജയിച്ചത്.

എസ്എഫ്‌ഐയിലൂടെ സിപിഎം രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രമ വിവാഹത്തോടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. 2012 മേയ് 4-ന് ഭര്‍ത്താവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്തിനു ശേഷമാണ് അവര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു രമ. സഹോദരി പ്രേമ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മറ്റൊരു സഹോദരി തങ്കം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിട്ടുണ്ട്. കര്‍ഷക സംഘം നേതാവും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പിതാവ് മാധവന്‍,  ടിപി വധത്തിനു ശേഷമാണ് പാര്‍ട്ടിയുമായി അകന്നത്.

1957ലെ ആദ്യ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റുകളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് വടകര. ജനതാ പാര്‍ട്ടി യുഡിഎഫിനൊപ്പം നിന്ന 1980 ലെ തിരഞ്ഞെടുപ്പിലൊഴികെ ഇടതുപക്ഷത്തെ മാത്രം വരിച്ച കടത്തനാടന്‍ മണ്ണ്. 2009 ല്‍ പിളര്‍ന്ന് ഇരുചേരികളിലായ ജനതാദളുകള്‍ പരസ്പരം ഏറ്റുമുട്ടിയ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തോടൊപ്പമുള്ള ദളിനെ വിജയിപ്പിച്ച മണ്ഡലം.

2008 ലാണ് ഒഞ്ചിയത്തെ സിപിഎം വിമതര്‍ ആര്‍എംപി ( പിന്നീട് ആര്‍എംപിഐ) രൂപീകരിച്ചത്. സിപിഎം കോട്ടയായ ഒഞ്ചിയം പഞ്ചായത്തില്‍ പിന്നീടു നടന്ന മൂന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും ആര്‍എംപി ഭരണം പിടിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടു വട്ടം എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 2011,2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ആര്‍എംപി വടകരയില്‍ നിര്‍ണായക ശക്തിയായി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ പി.ജയരാജന്റെ സ്ഥാനാര്‍ഥിത്വം പുതിയൊരു കൂട്ടുകെട്ടിനു വഴിതുറന്നു. ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് ആര്‍എംപിഐ പ്രഖ്യാപിച്ചു. ആ കൂട്ടുകെട്ട് തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ മുന്‍കൈയെടുത്തത് അന്നു വടകരയങ്കത്തില്‍ ജയരാജനെ തോല്‍പ്പിച്ച കെ മുരളീധരനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് - ആര്‍എംപിഐ സഖ്യം 3 പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു. തകര്‍ന്നുവീണതില്‍ ജനതാദള്‍ കോട്ടയായ ഏറാമലയുമുണ്ട്.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും അവരെ നയിക്കുന്നതും ചന്ദ്രശേഖരന് ഹരമായിരുന്നു. പാര്‍ട്ടിക്കപ്പുറം സ്വീകാര്യത നേടിയ ടിപിയുടെ ആ ജനകീയതയാണ് സിപിഎമ്മിനെ അലട്ടിയത്. കൊല്ലപ്പെടുമ്പോള്‍ ചന്ദ്രശേഖരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് കിട്ടിയത് കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റാണ്. സുരേഷ് കുറുപ്പിന്റെ മകന്റെ കല്യാണത്തിനു പോകാനുള്ള ടിക്കറ്റാണ്.

ഭര്‍ത്താവ് പാര്‍ട്ടി കൊലയാളികളാല്‍  കൊല്ലപ്പെട്ടപ്പോള്‍ പകച്ചു നില്‍ക്കുകയല്ല രമ ചെയ്തത്. 'നിങ്ങള്‍ക്ക് കൊല്ലാനേ കഴിയൂ തോല്‍പിക്കാനാവില്ല എന്ന സന്ദേശമുയര്‍ത്തി ടിപിയുടെ വഴികളിലൂടെ മുന്നേറുകയായിരുന്നു അവര്‍.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം മുതല്‍ തിരുവനന്തപുത്ത് ശാരിയുടെ മാതാവിന്റെ സമരംവരെയുള്ള വിവിധങ്ങളായ സമരങ്ങളില്‍ രമ മുന്‍നിര സാന്നിധ്യമായി.

തൊണ്ടിയവയല്‍ കുടിവെള്ള സമരം, കാക്കഞ്ചേരി സമരം, കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലക്കുവേണ്ടി കുടിയൊഴിക്കപ്പെട്ടവരുടെ സമരം, കീഴാറ്റൂര്‍ വയല്‍കിളി സമരം, പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരം, തൃശൂര്‍ കല്യണ്‍സില്‍ക്‌സിലെ തൊഴിലാളികളുടെ സമരം, അലന്‍- താഹ ഐക്യദാര്‍ഢ്യസമരം തുടങ്ങിയവയില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചു.