കൊവിഡ് രണ്ടാം തരംഗത്തിന് തീവ്രത കുറവെന്ന് ഐസിഎംആര്‍ മേധാവി

Update: 2021-04-19 11:24 GMT

ന്യൂഡല്‍ഹി:  പൊതുവെ വിശ്വസിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് രണ്ടാം തരംഗം ആദ്യ തരംഗത്തെ അപേക്ഷിച്ച് തീക്ഷ്ണത കുറഞ്ഞതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബലറാം ഭാര്‍ഗവ. കഴിഞ്ഞ തരംഗത്തേക്കാള്‍ പുതിയ തരംഗത്തില്‍ രോഗലക്ഷണങ്ങള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

''പുതിയ കൊവിഡ് തരംഗത്തില്‍ രോഗലക്ഷണങ്ങള്‍ പഴയതിനെ അപേക്ഷിച്ച് കുറവാണ്. ശരീരവേദന, ക്ഷീണം, പേശികളില്‍ വേദന, ഗന്ധം, രുചി എന്നിവ നഷ്ടപ്പെടല്‍, തൊണ്ട വേദന എന്നിവയും കുറവാണ്. അതേസമയം ശ്വാസതടസ്സം പഴയതിനെ അപേക്ഷിച്ച് കൂടുതലാണ്''- അദ്ദേഹം പറഞ്ഞു.

ആദ്യ തരംഗത്തെ അപേക്ഷിച്ച് യുവാക്കളെയാണ് ഇത് ബാധിക്കുന്നത്. ആദ്യ തരംഗത്തില്‍ ശരാശരി 50 വയസ്സുകാരെയോ അതിനു മുകളിലുളളവരെയോ ആയിരുന്നു രോഗം ബാധിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 49 വയസ്സാണ്. അതേസമയം പ്രായാധിക്യമുള്ളവരിലാണ് രോഗബാധ കൂടുതലെന്ന യാഥാര്‍ത്ഥ്യം മാറ്റമില്ലാതെ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

രോഗികളില്‍ പൂജ്യം മുതല്‍ 19 വയസ്സുവരെയുള്ളവരില്‍ 5.8 ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇത് 4.2 ആയിരുന്നു. 20-40 വയസ്സുകാരില്‍ ഇപ്പോള്‍ രോഗികള്‍ 25 ശതമാനമാണെങ്കില്‍ നേരത്തെ 23 ആയിരുന്നു. 40 വയസ്സിനു മുകളിലാണ് ബാക്കി 70 ശതമാനം രോഗികളും. ശ്വാസതടസ്സം മൂലം ഇത്തവണ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണനിരക്കില്‍ വ്യത്യാസമില്ല. അതേസമയം കൊവിഡ് ആരോഗ്യനിയന്ത്രണങ്ങളില്‍ വലിയ വീഴ്ച ഇത്തവണ ദൃശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

Tags: