കൊവിഷീല്‍ഡിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അനുമതി ഉടനെന്ന് സിറം മേധാവി

Update: 2021-06-30 17:43 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന് യൂറോപ്യന്‍  മെഡിക്കല്‍ ഏജന്‍സിയുടെ അനുമതി ഉടന്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡര്‍ പൂനെവാലെ. ഒരു മാസത്തിനുള്ളിലാണ് അനുമതി ലഭിക്കുക.

ആസ്ട്രസെനക്കയുടെ കൊവിഷീല്‍ഡിന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി അനുമതി നല്‍കാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കമ്പനി ഇതുവരെ കൊവിഷീല്‍ഡ് പരിശോധനക്ക് സമര്‍പ്പിച്ചിട്ടില്ലെന്നാണ് യൂറോപ്യന്‍ യൂനിയന്‍ നയതന്ത്രപ്രതിനിധി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

ഇതൊരു വിവാദമല്ലെന്നും പെട്ടെന്ന് വാര്‍ത്താപ്രാധാന്യം പിടിച്ചെടുത്ത ഒരു വിഷയം മാത്രമാണെന്നും പൂനെവാലെ പറഞ്ഞു. ഗ്ലോബല്‍ ഫോറം 2021 യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വികസിപ്പിച്ചെടുത്ത ആസ്ട്രസെനക്ക ഒരു മാസം മുമ്പ് തന്നെ പരിശോധനക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് തീരുമാനിക്കാന്‍ ഒരു മാസം സമയമെടുക്കുന്നതുകൊണ്ടുള്ള വൈകലാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള  യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വലിയ പ്രതിസന്ധിയായതോടെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തന്നെ ഇടപെട്ടിരുന്നു. ജി 20 ഉച്ചകോടിക്കുവേണ്ടി ഇറ്റലിയിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ശക്തമായ ഇടപെടലുകള്‍നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.