ജനവാസ കേന്ദ്രമായ വിഴിഞ്ഞത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ

Update: 2020-05-13 19:46 GMT

തിരുവനന്തപുരം: കൊവിഡ് 19 എന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിക്കെതിരെ രാജ്യം മുഴുവന്‍ പ്രതിരോധം തീര്‍ത്തു കൊണ്ടിരിക്കുകയും ജനങ്ങള്‍ മുഴുവന്‍ ജാഗ്രതയോടെയും ഭയപ്പാടോടെയും വീട്ടിലിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് ലോക്ക്ഡൗണിനെ മറയാക്കി രാജ്യത്തെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായ വിഴിഞ്ഞത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് പൂവാര്‍ ആവശ്യപ്പെട്ടു.

''തീരുമാനത്തില്‍ വന്‍ ദുരൂഹതകളാണ് കാണുന്നത്. പ്രദേശത്തെ സാമൂഹിക പരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് പ്രാഥമിക പഠനം പോലും നടത്താതെയാണ് സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത്. മാത്രവുമല്ല, വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തിന് സമീപമായി പ്ലാന്റ് വരുന്നത് ദോഷകരമായി മാറുകയും ചെയ്യും. 650 കോടി രൂപ ചിലവഴിച്ച് കൊണ്ടുള്ള ഈ പദ്ധതി പാലോട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയും നാട്ടുകാരുടെ ജനകീയമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതും കേരള ജനത കണ്ടതാണ്. ഈ പദ്ധതിയാണ് ജനവാസ കേന്ദ്രമായ വിഴിഞ്ഞത്ത് കൊണ്ടുവന്നത്''- പ്രസ്താവന തുടരുന്നു.

വിഴിഞ്ഞത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് പൂവാര്‍ അറിയിച്ചു. 

Tags:    

Similar News