പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കും

Update: 2020-11-24 03:37 GMT

തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് (118 എ) റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാന്‍ കേരള സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് തയ്യാറാക്കി അടുത്ത ദിവസം തന്നെ റദ്ദാക്കാന്‍ തീരുമാനിച്ചതിന്റെ സാഹചര്യം ഗവര്‍ണറോട് വ്യക്തമാക്കാനാണ് തീരുമാനം. പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ബാക്കിയാണ്.

ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ മൂന്നു വഴികളാണ് സര്‍ക്കാരിനുള്ളത്. ഭരണഘടനയുടെ അനുച്ഛേദം 213(2)പ്രകാരം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച വരെ ഓര്‍ഡിനന്‍സ് നിയമപ്രാബല്യമുണ്ടാകും. ആറാഴ്ചയ്ക്കുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കണം. നിയമസഭാ സമ്മേളനം ഇനി ജനുവരിയിലേ ഉണ്ടാകൂ. അതിനു മുന്‍പ് ഓര്‍ഡിനന്‍സ് റദ്ദാക്കിയിട്ടില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് ദോഷകരമായി പ്രതിഫലിക്കും. അതു കൊണ്ട് എത്രയും വേഗം ഓര്‍ഡിനന്‍സ് റദ്ദാക്കണമെങ്കില്‍ ഗവര്‍ണറെ സമീപിക്കുക എന്ന വഴി മാത്രമാണ് സര്‍ക്കാറിനു മുന്നിലുള്ളത്. മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിക്കാം. ഈ വഴിയിലൂടെയാകും സര്‍ക്കാര്‍ നീങ്ങുക.

Similar News