സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിയിടുന്നു; ഡിസംബര്‍ 10 ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ അപകടകരമായ ഒരു കുരുക്കിലേക്ക് തള്ളിവിടുകയാണെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. നമ്മുടെ പരമാധികാരത്തിനും, ഉപജീവനമാര്‍ഗ്ഗത്തിനും, ജൈവവൈവിധ്യത്തിന്റെ സംരക്ഷകരെന്ന നിലയില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും അഖിലേന്ത്യാ കിസാന്‍ സഭ ആരോപിച്ചു.
ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കാര്‍ഷിക കമ്പനികളുടെ നേട്ടത്തിനായി കര്‍ഷക താല്‍പ്പര്യങ്ങളും ദേശീയ താല്‍പ്പര്യങ്ങളും ബലികഴിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഡിസംബര്‍ 10 ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും സംഘടന വ്യക്തമാക്കി. 2025 ലെ വിത്ത് ബില്ലിന്റെയും അന്താരാഷ്ട്ര ഉടമ്പടിയുടെയും പകര്‍പ്പുകള്‍ കത്തിച്ചുകൊണ്ട് ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.
വിത്ത് മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുകയാണെന്നും വ്യാപാര ചര്‍ച്ചകളിലും, കരട് വിത്ത് ബില്ലിലൂടെയും, ഭരണഘടനാപരമായി സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത കര്‍ഷകരോടുള്ള അഗാധമായ വഞ്ചനയാണിതെന്നും കിസാന്‍ സഭ വ്യക്തമാക്കി.