വിദേശ സംഭാവന നിയന്ത്രണ നിയമംവഴി 2020 മുതല്‍ നിഷേധിച്ചത് 466 അപേക്ഷകളെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2022-03-29 10:18 GMT

ന്യൂഡല്‍ഹി: 2020 മുതല്‍ വിദേശ സംഭാവന നിയന്ത്രണ നിയമത്തിനു(എഫ്‌സിആര്‍എ) കീഴില്‍ പ്രവര്‍ത്തിക്കുന്ന 466 ലൈസന്‍സുകള്‍ക്കുള്ള അപേക്ഷകള്‍ നിരസിച്ചതായി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് സുരേഷ് കൊടിക്കുന്നിലിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. 

കഴിഞ്ഞ രണ്ട് വര്‍ഷവും നടപ്പുവര്‍ഷവും എഫ്‌സിആര്‍എയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം ലൈസന്‍സ് പുതുക്കാനുള്ള 466 അപേക്ഷകള്‍ നിരസിച്ചതായി റായ് പറഞ്ഞത്.

2020ല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ എണ്ണം 100 ആണ്. 2021ല്‍ അത് 341 ആയി ഉയര്‍ന്നു. ഈ വര്‍ഷം മാര്‍ച്ച് 21 വരെ മൊത്തം 25 ലൈസന്‍സ് അപേക്ഷകള്‍ നിരസിക്കപ്പെട്ടു.

2010ലെ എഫ്‌സിആര്‍എയുടെ വ്യവസ്ഥകളും അതിന് കീഴിലുള്ള ചട്ടങ്ങളും അനുസരിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഈ അപേക്ഷകള്‍ നിരസിച്ചതിന് കാരണമെന്ന് മന്ത്രി പറഞ്ഞു.

'രജിസ്‌ട്രേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുനരവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അത്തരമൊരു നിര്‍ദ്ദേശം ഇല്ല' എന്ന് റായ് പറഞ്ഞു. 

Tags: