ബോധംകെട്ട് വീണയാളുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം പിടിയില്‍

ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖാ അസിസ്റ്റന്റ് മാനേജര്‍ അന്തീനാട് ഓലിക്കല്‍ മനു സ്‌ക്കറിയ യുടെ (35) മൂന്ന് പവന്‍ മാലയും മൊബൈല്‍ ഫോണുമാണ് പ്രതികള്‍ കൈക്കലാക്കിയത്.

Update: 2020-08-23 05:25 GMT

തൊടുപുഴ: ആശുപത്രിയിലേക്ക് രാത്രിയില്‍ ബൈക്കില്‍ പോകുന്നതിനിടെ ബോധംകെട്ട് റോഡില്‍ വീണയാളുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തെ പിടികൂടി. കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിഷ്ണു (26), വിളക്കുടി ജയഭവനില്‍ സെന്‍കുമാര്‍ (മണിക്കുട്ടന്‍ 29) ആവണീശ്വരം ഹരി ഭവനില്‍ ഹരി ഭവനില്‍ ഹരി (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിഷ്ണു ഗുണ്ടാലിസ്റ്റില്‍ ഉള്ളയാളാണ് മറ്റ് രണ്ട് പ്രതികളും പല ക്രിമിനല്‍ കേസിലും പ്രതികളാണ്.

ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖാ അസിസ്റ്റന്റ് മാനേജര്‍ അന്തീനാട് ഓലിക്കല്‍ മനു സ്‌ക്കറിയ യുടെ (35) മൂന്ന് പവന്‍ മാലയും മൊബൈല്‍ ഫോണുമാണ് പ്രതികള്‍ കൈക്കലാക്കിയത്. കഴിഞ്ഞ 19ന് പുലര്‍ച്ചെ 12.30 ന് പ്രവിത്താനത്തെ കാവുകാട്ട് ആശുപത്രിക്ക് തൊച്ചചുത്തായിരുന്നു സംഭവം. ആശുപത്രിയുടെ 50 മീറ്റര്‍ അടുത്തെത്തിയപ്പോള്‍ മനു സ്‌ക്കറിയ ബോധംകെട്ട് റോഡില്‍ വീഴുകയായിരുന്നു. ബോധം തെളിഞ്ഞതിനു ശേഷം നോക്കിയപ്പോള്‍ മാബൈല്‍ ഫോണും മാലയും കാണാനില്ലായിരുന്നു. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പാലാ- തൊടുപുഴ റൂട്ടിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിനടുത്തുള്ള സി.സി.ടി.വിയില്‍ പതിഞ്ഞ ഒരു കാറിനെ പിന്‍തുടര്‍ന്നപ്പോഴാണ് മോഷ്ടിച്ചത് ഇവര്‍ തന്നെയെന്ന് പൊലീസിന് മനസിലായത്. പ്രതികള്‍ മൂന്നാറിലേക്ക് വിനോദയാത്ര പോകുമ്പോളാണ് വഴിയരികില്‍ ഒരാള്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ മാലയും ഫോണും എടുക്കുകയായിരുന്നു. മാലയും, മൊബൈല്‍ ഫോണും പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പാലാ ഡിവൈ.എസ്.പി പി.കെ ബൈജു കുമാര്‍, സി.ഐ അനൂപ് ജോസ്., എസ്.ഐ മാരായ കെ.എച്ച് ഹാഷിം, മാമ്മന്‍ ജോസഫ്, തോമസ് സേവ്യര്‍, സി.പി.ഒ മാരായ ഷെറിന്‍ സ്റ്റീഫന്‍, അരുണ്‍ ചന്ദ് എന്നിവരടങ്ങുന്ന സംഘമാണ് മോഷണ സംഘത്തെ പിടികൂടിയത്.




Tags:    

Similar News