ലക്ഷദ്വീപ് നിവാസികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2021-05-25 15:08 GMT

ആലുവ : 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും അസ്വസ്ഥത സൃഷ്ടിക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ വളരെ ഉല്‍ക്കണ്ഠാപരവും അസമാധാനം സൃഷ്ടിക്കുന്നതും ലജ്ജാപരവുമാണെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍.

രാജ്യം മഹാമാരിയില്‍ അലമുറയിടുന്ന ഈ ഘട്ടത്തിലും ഇത്തരം പ്രവണതകളുമായുള്ള ഭരണകൂട നീക്കങ്ങള്‍ ലോകത്തിന്റെ മുന്നില്‍ ഇന്ത്യ രാജ്യത്തെ നാണംകെടുത്താന്‍ മാത്രമേ ഉപകരിക്കൂ.

സമാധാന പ്രിയരും രാജ്യത്തിന്റെ സംസ്‌കൃതി കാത്തുസൂക്ഷിക്കുന്നവരും രാജ്യത്ത് യാതൊരു വിധ അസ്വസ്ഥതയും ഉണ്ടാക്കാത്തവരുമായ ഒരു ജനതയുടെ മേല്‍ ഗുണ്ടാ നിയമങ്ങള്‍ നടപ്പിലാക്കുകയും അവരുടെ ജീവിതമാര്‍ഗങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും അവര്‍ പവിത്രമായി കാത്തുസൂക്ഷിക്കുന്ന സംസ്‌കൃതിക്കും തകരാറുവരുത്തുകയും ചെയ്യുന്ന രീതിയില്‍ നടപ്പിലാക്കുന്ന നിയമ നടപടികളില്‍ നിന്നും കേന്ദ്ര ഭരണ കൂടം പിന്മാറുകയും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്രം തിരിച്ചു വിളിക്കുകയും ചെയ്യണം. അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ രക്ഷാധികാരി ഇ എം സുലൈമാന്‍ മൗലവി അല്‍കൗസരി, സംസ്ഥാന പ്രസിഡന്റ് റ്റി എ അബ്ദുല്‍ ഗഫാര്‍ മൗലവി അല്‍ കൗസരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു..

Tags: