കുറുക്കന്‍ ശല്യം: പട്ടിക്കാട്, മണ്ണാര്‍മല പ്രദേശത്ത് വനംവകുപ്പ് കെണി സ്ഥാപിച്ചു

Update: 2020-06-21 12:46 GMT

പെരിന്തല്‍മണ്ണ: കുറുക്കന്റെ അക്രമ ഭീഷണിയെ തുടര്‍ന്ന് പട്ടിക്കാട്, മണ്ണാര്‍മല പ്രദേശത്ത് വനംവകുപ്പ് കെണി ഒരുക്കി. ആട് മാടുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് പ്രദേശത്ത് ഭീതി പടര്‍ത്തിയ കുറുക്കന്‍മാരുടെ സംഘത്തെ പിടികൂടാനാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ വീടുകളിലും പറമ്പിലും ഉണ്ടായിരുന്ന, ആട് മാടുകളെയും ആക്രമിച്ച് പ്രദേശത്ത് ഭീതി പടര്‍ത്തിയിരുന്നു. ജനങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയായ കുറുക്കന്‍മാരുടെ സംഘത്തെ പിടികൂടണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് രംഗതെത്തിയത്. ഇരുമ്പ് കൂട്ടില്‍ കുറുക്കനെ ആകര്‍ഷിക്കാന്‍ ഇരയും വെച്ചിട്ടുണ്ട്. പട്ടിക്കാട്, മണ്ണാര്‍മല, മഖാംപടി എന്നിവിടങ്ങളിലാണ് കുറുക്കന്റെ പരാക്രമം ഉണ്ടായത്.

വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് വീടിനു മുന്‍പില്‍ കളിക്കുകയായിരുന്ന കുട്ടികളെ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടിയേറ്റത്. ഒഴിഞ്ഞ സ്ഥലങ്ങളും പുല്‍ക്കാടുകള്‍ ഉള്ള സ്ഥലങ്ങളിലുമാണ് കുറുക്കന്‍മാര്‍ താവളമാക്കിയിട്ടുള്ളത്. ഭക്ഷണത്തിനായാണ് ഇവ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

നിലമ്പൂര്‍ ഡിവിഷനില്‍ നിന്നുള്ള സെഷന്‍ ഓഫീസര്‍ അബ്ദുല്‍ നാസര്‍, ബീറ്റ് ഓഫീസര്‍മാരായ രാജീവ് പാമ്പലത്ത്, രഞ്ജിത്ത്, പ്രവീണ്‍ കീഴാറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് കെ ടി കദീജ എന്നിവര്‍ നേതൃത്വം നല്‍കി.