പ്രഥമ 'തൊഴിലാളിശ്രേഷ്ഠ' പുരസ്‌കാരം പ്രഖ്യാപിച്ചു

Update: 2021-02-03 19:21 GMT

തിരുവനന്തപുരം: മികച്ച തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'തൊഴിലാളിശ്രേഷ്ഠ'പുരസ്‌കാരം തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പതിനഞ്ച് സ്വകാര്യ തൊഴില്‍ മേഖലകളിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പുരസ്‌കാരം. ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം.

സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗത്തില്‍ കെ. വി. സജീവന്‍ (എറണാകുളം), ചുമട്ടുതൊഴിലാളി വിഭാഗത്തില്‍ നസറുദ്ദീന്‍ കുട്ടി.വൈ (കൊല്ലം), നിര്‍മ്മാണ തൊഴിലാളി വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍.എന്‍ (പാലക്കാട്), ചെത്ത് തൊഴിലാളി വിഭാഗത്തില്‍ മുരളീധരന്‍ .ടി.എസ് (വയനാട്), മരംകയറ്റ തൊഴിലാളി വിഭാഗത്തില്‍ കെ. ശശി (ആലപ്പുഴ), തയ്യല്‍തൊഴിലാളി വിഭാഗത്തില്‍ കുഞ്ഞഹമ്മദ് .എ (വയനാട്), കയര്‍ തൊഴിലാളി വിഭാഗത്തില്‍ ഗ്രേസി. കെ.സി (എറണാകുളം), കശുഅണ്ടി തൊഴിലാളി വിഭാഗത്തില്‍ സരസ്വതി അമ്മ.പി (കൊല്ലം), മോട്ടോര്‍ തൊഴിലാളി വിഭാഗത്തില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ഇടുക്കി), തോട്ടം തൊഴിലാളി വിഭാഗത്തില്‍ വസന്ത (വയനാട്), സെയില്‍സ്മാന്‍/സെയില്‍സ്വുമണ്‍ വിഭാഗത്തില്‍ അനൂപ് പി (മലപ്പുറം), നഴ്‌സ് വിഭാഗത്തില്‍ അശ്വതി .എ.എസ് വിഭാഗത്തില്‍ (മലപ്പുറം), ടെക്‌സ്‌റ്റൈല്‍ തൊഴിലാളി വിഭാഗത്തില്‍ ലിജി. കെ.എസ് (ആലപ്പുഴ), ഗാര്‍ഹിക ജോലി വിഭാഗത്തില്‍ ഷൈനി റെയ്ച്ചല്‍. സി (കൊല്ലം), ആഭരണതൊഴിലാളി വിഭാഗത്തില്‍ രാജേഷ്. ടി (കോഴിക്കോട്) എന്നിങ്ങനെയാണ് പുരസ്‌കാരം.

സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴില്‍മേഖലകളിലെ തൊഴിലാളികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാനും, തൊഴിലാളി തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികള്‍ക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തൊഴിലാളികളില്‍ നിന്ന് 15 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉള്‍പ്പെടുന്ന നോമിനേഷന്‍ ആദ്യഘട്ടത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നോമിനേഷനുകളില്‍ തൊഴിലുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം ഓണ്‍ലൈനായി സ്വീകരിച്ചു. ഇതിനുശേഷം വകുപ്പുതലത്തില്‍ വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും മൂന്ന് ഘട്ടങ്ങളിലായുള്ള അഭിമുഖവും നടത്തിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.

പുരസ്‌കാരത്തിനായി 2020 ആഗസ്ത് മുതല്‍ നോമിനേഷന്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. 6,830 അപേക്ഷകള്‍ ലഭിച്ചു. തൊഴിലാളിശ്രേഷ്ഠ വെബ് പോര്‍ടല്‍ മുഖേന മാര്‍ക്ക് കണക്കാക്കി യോഗ്യത നേടിയ തൊഴിലാളികളാണ് ജില്ല, മേഖല, സംസ്ഥാനതല അഭിമുഖങ്ങളില്‍ പങ്കെടുത്തത്. പുരസ്‌കാരം നിര്‍ണയിച്ചത് തൊഴില്‍ മന്ത്രി അധ്യക്ഷനും ലേബര്‍ കമ്മീഷണര്‍ കണ്‍വീനറും തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആര്‍പിഎല്‍ മാനേജിംഗ് ഡയറക്ടര്‍, തൊഴിലും നൈപുണ്യവും വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(വെല്‍ഫെയര്‍) ചീഫ് പ്ലാന്റേഷന്‍സ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്.

ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.