ആദ്യം നിയന്ത്രിക്കേണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ: സുപ്രിംകോടതിയെ ഉപദേശിച്ച് കേന്ദ്രസര്‍ക്കാര്‍

Update: 2020-09-17 05:28 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ആദ്യം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത് ഇലക്ടോണിക് മാധ്യമങ്ങള്‍ക്കല്ല, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ആഞ്ഞടിച്ചത്.

ഇന്ന് പരിഗണക്കെടുക്കുന്ന ഒരു ഹരജിയില്‍ പ്രതികരണമറിയിക്കുന്നതിനിടയിലാണ് സുപ്രിംകോടതിക്ക് ഉപദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മറ്റ് മാധ്യമങ്ങളേക്കാള്‍ സ്വാധീനശക്തിയുണ്ട്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ അത് വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അച്ചടിമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും കൃത്യമായ നിയമങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ നിയന്ത്രിക്കാന്‍ നിരവധി നിയമങ്ങളും വിധികളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ആദ്യം പരിഗണയ്‌ക്കെടുക്കേണ്ടതെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.

ഇക്കാര്യത്തെ കുറിച്ച് പഠിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ ഒരു അമിക്കസ് ക്യൂറിയെയോ ഒരു പാനലിനെയോ നിയമിക്കാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

സുദര്‍ശന്‍ ടിവിയുടെ മുസ്‌ലിംവിരുദ്ധ പരിപാടിക്കെതിരേ സമര്‍പ്പിച്ച പരാതിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ പ്രതികരണമാരാഞ്ഞിരുന്നു. അതിന്റെ ഭാഗമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചത്. ടിആര്‍പി റേറ്റിങ്ങിന്റെയും സെന്‍സേഷനിലിസത്തിന്റെയും ഭാഗമായി ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കുന്നതിനായി ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടതിനെ കുറിച്ചാണ് കോടതി കേന്ദ്രത്തിന്റെ പ്രതികരണമാരാഞ്ഞത്.

മുസ്‌ലിം വിഭാഗക്കാര്‍ സിവില്‍ സര്‍വീസിലെത്തുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് സുദര്‍ശന്‍ ടിവിയുടെ പരിപാടിയില്‍ പറയുന്നത്. ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് ഈയിടെയായി മുസ്‌ലിം ഓഫിസര്‍മാരുടെ എണ്ണം കൂടുന്നുവെന്നാണ് അതിന് തെളിവായി സുദര്‍ശന്‍ ടിവി മുന്നോട്ട് വച്ചത്. ഇതിനെ 'യുപിഎസ്സി ജിഹാദാ'ണെന്നും വിശേഷിപ്പിച്ചു. ഇതിനെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി പരിപാടിക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചു.  

Similar News