പ്രഥമ കെ എം ബഷീര്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനം 25ന് തിരൂരില്‍

അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് നിയമ സഭാ സ്പീക്കര്‍ എം ബി രാജേഷ് അവാര്‍ഡുകള്‍ സമര്‍പ്പിക്കും.

Update: 2021-12-23 14:25 GMT

മലപ്പുറം: തിരുവനന്തപുരത്ത് വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ സ്മരണാര്‍ത്ഥം തിരൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2020ലെ പുരസ്‌കാരങ്ങള്‍ ഡിസംബര്‍ 25 ശനി വൈകീട്ട് മൂന്നിന് തിരൂര്‍ ടൗണ്‍ ഹാളില്‍ വിതരണം ചെയ്യും.

തിരൂര്‍ അര്‍ബന്‍ ബാങ്ക് ഏര്‍പ്പെടുത്തിയ പി പി അബദുല്ലക്കുട്ടി സ്മാരക അവാര്‍ഡ്, പുന്നക്കല്‍ കുട്ടിശങ്കരന്‍ സ്മാരക എന്‍ഡോവ്‌മെന്റ്, വിദ്യാര്‍ഥികള്‍ക്കുള്ള ധന സഹായം, ബ്രാഞ്ച് തല പെര്‍ഫോമന്‍സ് അവാര്‍ഡ് എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.

25,000 രൂപ വീതവും ഫലകവുമടങ്ങുന്ന കെ എം ബഷീര്‍ അവാര്‍ഡിന് ദീപികയിലെ ജിമ്മി ഫിലിപ്പും (അച്ചടി മാധ്യമവിഭാഗം) മീഡിയ വണ്‍ മുന്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സുനില്‍ ബേബിയും (ദൃശ്യമാധ്യമവിഭാഗം) ആണ് അര്‍ഹരായത്.

അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് നിയമ സഭാ സ്പീക്കര്‍ എം ബി രാജേഷ് അവാര്‍ഡുകള്‍ സമര്‍പ്പിക്കും. വഖഫ്-കായിക വകുപ്പ് മന്ത്രി വി അബദുറഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ മുഖ്യാതിഥിയാവും.

വാര്‍ത്താസമ്മേളനത്തില്‍ തിരൂര്‍ അര്‍ബന്‍ കോഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, ബാങ്ക് വൈസ് ചെയര്‍മാന്‍ ദിനേശ് പൂക്കയില്‍, സിഇഒ സുരേഷ്, ഡയറക്ടര്‍ ബഷീര്‍ കൊളക്കാട് പങ്കെടുത്തു.