ടാറ്റ സ്റ്റീല്‍ കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് തുടര്‍ന്നും ശമ്പളം നല്‍കും

Update: 2021-05-25 06:00 GMT

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പുതിയ സാമൂഹിക സുരക്ഷാ പദ്ധതിയുമായി ടാറ്റാ സ്റ്റീല്‍. കൊവിഡ് ബാധിച്ച് മരിച്ച തങ്ങളുടെ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കമ്പനി തുടര്‍ന്നും ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. തൊഴിലാളിക്ക് അറുപത് വയസ്സാകുന്നതുവരെ അവസാനം വാങ്ങിയ ശമ്പളം നല്‍കാനാണ് തീരുമാനം.

തങ്ങളുടെ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും ജീവിതനിലവാരം നിലനിര്‍ത്താനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് കമ്പനി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ശമ്പളത്തിനു പുറമെ താമസ സൗകര്യവും ആരോഗ്യസുരക്ഷയും കമ്പനി ഉറപ്പുവരുത്തും.

തൊഴിലിനിടയില്‍ കൊവിഡ് ബാധയുണ്ടായി മരിച്ചവരുടെ കുടുംബങ്ങളില്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസവും കമ്പനി ഉറപ്പുവരുത്തും. ബിരുദ പഠനം പൂര്‍ത്തിയാവും വരെയാണ് ഇത് ലഭിക്കുക.