കൊവിഡാനന്തര സാഹചര്യങ്ങളെ നേരിടാന്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമെന്ന് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍
കോഴിക്കോട്: കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി നമ്മുടെ ജീവിതത്തെ താറുമാറാക്കി കൊണ്ടിരിക്കുന്ന, മാരകമായ കൊറോണയുടെ പിടുത്തത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കൊവിഡ് ഏറ്റവും ദുരിതം വിതച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഔദ്യോഗിക കണക്ക് പ്രകാരം 3,98,454 പേര്‍ ഇത് വരെ മരിച്ചു. അത്രയും ഉയര്‍ന്ന ഒരു മരണസംഖ്യ നിരവധി സങ്കീര്‍ണ്ണമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡാനന്തര സാഹചര്യങ്ങളെ നേരിടാന്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമെന്ന് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. സമഗ്രമായ ഒരു കണക്കെടുപ്പ് സാധിച്ചിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ വെച്ച് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ നടത്തിയിട്ടുള്ള പഠനം സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും കുടുംബ നാഥന്‍മാര്‍ മരണപ്പെട്ട്, കുട്ടികള്‍ അനാഥരായ, ദാരിദ്ര്യത്തിലേക്ക് പതിച്ച ആയിരക്കണക്കിന് കുടുംബങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.
ദേശീയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷന്റെ കണക്ക് പ്രകാരം 2020 ജൂണ്‍ മുതല്‍ 2021 ജൂണ്‍ വരെ 30,000 കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ പൂര്‍ണ്ണമായോ അല്ലെങ്കില്‍ ഒരാളെയോ നഷ്ടപ്പെട്ടു. ഇതില്‍ 274 പേരെ ബന്ധുക്കള്‍ ഉപേക്ഷിച്ചു. മഹാരാഷ്ടയില്‍ മാത്രം 7,084 കുട്ടികള്‍ അനാഥരായി. ഏക വരുമാന മാര്‍ഗമായ കുടുംബ നാഥന്‍മാര്‍ മരണപ്പെട്ട് ദുരിതത്തിലായ നിരവധി കുടുംബങ്ങളെ കണ്ടെത്തിയതായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ലവലില്‍ പ്രവര്‍ത്തിക്കുന്ന വാളണ്ടിയര്‍മാര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഏറ്റവും അധികം കുട്ടികള്‍ മരണപ്പെട്ട മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍: ഉത്തര്‍ പ്രദേശ് (3,172), രാജസ്ഥാന്‍ (2,482), ഹരിയാന (2,438), മധ്യപ്രദേശ് (2,243), ആന്ധ്രാപ്രദേശ് (2,089), കേരള (2,002), ബീഹാര്‍ (1,634), ഒഡീഷ (1,073). ക്രിമിനല്‍ സംഘങ്ങള്‍ ഈ സാഹചര്യങ്ങള്‍ മുതലാക്കി കുട്ടികളെ അനധികൃതമായി ഏറ്റെടുത്ത് അവരുടെ കുറ്റകൃത്യങ്ങള്‍ക്കും, ബാലവേലക്കും ഉപയോഗപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ആദ്യ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം തരംഗത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചെറുപ്പക്കാരികളായ അവരുടെ പങ്കാളികള്‍ അങ്ങനെ വിധവകളായി. ഡാറ്റ ഇല്ല എന്ന പരാതിയും മരണങ്ങള്‍ കുറച്ച് കാണിക്കുന്നു എന്ന പരാതിയും നിലനില്‍ക്കുന്നു. ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ പത്ത് ലക്ഷത്തോളം എത്തിയിട്ടുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കടുത്ത വിഷാദം, വര്‍ദ്ധിച്ച ആത്മഹത്യകള്‍ തുടങ്ങിയ പുതിയ സാമൂഹിക അവസ്ഥകളെ കോവിഡിന്റെ നേര്‍ക്ക് നേരെയല്ലാത്ത പാര്‍ശ്വഫലമായി പരിഗണിക്കേണ്ടതുണ്ട്.
സാഹചര്യങ്ങളെ നേരിടാന്‍ ഗവണ്‍മെന്റിനെ മാത്രം ആശ്രയിക്കുന്നത് മതിയാകില്ലെന്ന് പഠനങ്ങള്‍ പറയുന്നത്. കൊവിഡ് ദുരന്തം കൊണ്ട് അനാഥരായ കുട്ടികളുടെ കണക്കെടുപ്പ് പോലും വളരെ വൈകിയാണ് ആരംഭിച്ചത്. പലയിടങ്ങളിലും ഇത്തരം കണക്കെടുപ്പ് സംവിധാനങ്ങള്‍ സുസജ്ജമല്ല. പല സംസ്ഥാനങ്ങളും ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കയത് പോലും കൊവിഡ് കൊണ്ട് അനാഥരായ കുട്ടികളെ തിരിച്ചറിയാനും അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ ചെയ്യാനും ബഹു. സൂപ്രീം കോടതി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ്. കേന്ദ്ര ഗവണ്‍മെന്റാകട്ടെ, മഹാവ്യാധിയില്‍ അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചത് വളരെ അടുത്ത് മാത്രമാണ്. കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ അവര്‍ക്കെത്തുന്നതാവട്ടെ പ്രായപൂര്‍ത്തിയായതിനു ശേഷവും. ഇത് അപര്യാപ്തമാണ്.
കൊവിഡാനന്താരം രൂപപ്പെട്ടിട്ടുള്ള ഈ മാനുഷിക ദുരന്തത്തെ നേരിടാന്‍ ഗവണ്‍മെന്റ്, എന്‍ജിഓകള്‍, സമുദായ സംഘടനകള്‍, മാനവിക സംഘങ്ങള്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടെന്ന് എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ പഠനം ബോധ്യപ്പെടുത്തുന്നു. ദുരിതത്തില്‍ അനാഥരായ കുട്ടികള്‍ക്കും വിധവകള്‍ക്കും അവരുടെ നിലനില്‍പ്പും വിദ്യാഭ്യാസവും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും മേല്‍ സ്ഥാപനങ്ങളും സംഘടനകളും ചേര്‍ന്ന് ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും സംഘടനയുടെ റിപോര്‍ട്ടില്‍ പറയുന്നു.

