അല്‍ അവീറിലുള്ള എമിഗ്രേഷന്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും

Update: 2022-06-08 01:11 GMT

ദുബയ്: ദുബയ് അല്‍ അവീറിലുള്ള എമിഗ്രേഷന്‍ ഓഫിസ് ആഴ്ചയില്‍ എല്ലാം ദിവസവും പ്രവര്‍ത്തിക്കും. വാരാന്ത്യദിനങ്ങളിലും മറ്റുപൊതു അവധി ദിനത്തിലും അടക്കം സേവനങ്ങള്‍ക്കായി കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് നാഷനല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി- ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബയ് അറിയിച്ചു. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തിസമയം. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തങ്ങളുടെ വിവിധ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ജിഡിആര്‍എഫ്എഡി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അല്‍ അവീറിലുള്ള ഓഫിസ് പ്രധാനമായും വിദേശികളായ താമസ കുടിയേറ്റ ലംഘകരുടെ വിസാ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്. ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് ഓഫിസിന്റെ പ്രവര്‍ത്തനം ആഴ്ചയില്‍ എല്ലാം ദിവസവുമാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ജാഫ്‌ലിയയിലെ താമസ കൂടിയേറ്റ ഓഫിസ് സാധാരണ തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ രാത്രി 7:30 വരെയാണ് പ്രവര്‍ത്തി സമയം. വെള്ളിയാഴ്ച അത് രാവിലെ 7.30 മുതല്‍ 11.30ന് അവസാനിക്കും. തുടര്‍ന്ന് 2:30 ന് ആരംഭിച്ച് 7: 30 പ്രവര്‍ത്തിഅവസാനിക്കും. എന്നാല്‍ അടിയന്തര സേവനങ്ങള്‍ക്കായി ദുബയ് രാജ്യാന്തര എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ അറൈവല്‍ ഭാഗത്തുള്ള ജിഡിആര്‍എഫ്എ ഓഫിസ് ആഴ്ചയില്‍ എല്ലാം ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.

അതിനിടയില്‍ ദുബായിലെ വീസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പറായ 8005111 വിളിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: