തപാല്‍ വോട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിമറി നടത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Update: 2021-03-28 16:20 GMT

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ 80 വയസ് കഴിഞ്ഞവര്‍ക്കുള്ള തപാല്‍വോട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിമറി കാട്ടിയതായി പരാതി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബിഎല്‍ഒവിന്റെയും സാന്നിധ്യത്തില്‍ പ്രായമായ യഥാര്‍ത്ഥ വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ വോട്ട്‌ചെയ്തുവെന്നാണു പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി എം. പ്രദീപ്കുമാറിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റായ കെ. ജയരാജാണു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പരാതി നല്കിയത്.

പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 86ല്‍ ക്രമനമ്പര്‍ 857 കുഞ്ഞമ്പുപൊതുവാള്‍ എന്ന വോട്ടറുടെ വോട്ടാണു സിപിഎം പ്രവര്‍ത്തകര്‍ ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു സിപിഎം പ്രവര്‍ത്തകര്‍ ഇതുചെയ്യുമ്പോഴും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതായും പരാതിയില്‍ പറയുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ബൂത്തിലെ ബിഎല്‍ഒ ആയ സി ഷൈലയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആരും തിരിച്ചറിയല്‍ കാര്‍ഡ് പോലൂം ധരിച്ചിരുന്നില്ല. ഇതും നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വമായ ശ്രമമാണു നടത്തുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്ക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം പ്രദീപ് കുമാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News