സംസ്ഥാനത്തെ തൊഴില്‍ സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് തൊഴില്‍വകുപ്പ് പഠനം

Update: 2021-12-07 03:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുടമ, തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുന്നുവെന്നു വ്യക്തമാക്കി തൊഴില്‍ വകുപ്പിന്റെ പഠനം. 'തൊഴില്‍ കണക്കുകള്‍ ഒറ്റനോട്ടത്തില്‍' എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനമനുസരിച്ച് തൊഴില്‍ത്തര്‍ക്ക പരിഹാരത്തില്‍ 29.6 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 'ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറ്റ് എ ഗ്ലാന്‍സ് കേരള 2020' എന്ന പഠനത്തിലാണ് സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് വ്യക്തമാക്കുന്ന കണക്കുകളുള്ളത്.

പഠനത്തിന്റെ പുസ്തകരൂപം 'ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറ്റ് എ ഗ്ലാന്‍സ് കേരള 2020' തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ലേബര്‍ കമ്മീഷണര്‍ എസ് ചിത്രയ്ക്കു നല്‍കി പ്രകാശനം ചെയ്തു.

പഠനമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പ്ലാന്റേഷനുകളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2.89 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. തോട്ടം മേഖലയില്‍ അസുഖ ആനുകൂല്യം നേടിയവരുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 25.32 ശതമാനം വര്‍ധനവുമുണ്ടായി. തോട്ടം മേഖലയില്‍ പ്രസവാനുകൂല്യമായി സ്ത്രീകള്‍ക്ക് 152.98 ശതമാനം അധിക തുക ആനുകൂല്യമായി നല്‍കിയെന്നും പഠനം വെളിപ്പെടുത്തുന്നു. 

കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള 80 തൊഴില്‍ ഷെഡ്യൂളുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിശദമായ അവലോകനവും പ്രസിദ്ധീകരണത്തിലുണ്ട്. ലേബര്‍ കമ്മിഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണു പുസ്തകം തയ്യാറാക്കിയത്. തൊഴില്‍ വകുപ്പിന്റെ 'തൊഴില്‍ ക്ഷേമ രംഗം' മാഗസിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. 

Tags: