ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ(ഭേദഗതി) ബില്ല് ലോക്‌സഭ പാസ്സാക്കി

Update: 2021-03-22 15:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കം പുതിയ തലത്തിലെത്തിച്ചുകൊണ്ട് ലോക്‌സഭ ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ല് പാസ്സാക്കി. ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറുടേയും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കൃത്യമായി വിഭജിക്കുന്നതാണ് ബില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഢിയാണ് ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ല്, 2021മായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞത്.

ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ആക്റ്റ് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബില്ല് ഡല്‍ഹി സര്‍ക്കാരിനു മുകളില്‍ കേന്ദ്ര നോമിനിയായ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നു.

സര്‍ക്കാര്‍ എന്ന വാക്കിനെ ബില്ല് നിര്‍വചിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമവും ലെഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ അധികാരപരിധിയും എപ്പോഴും വലിയ വിവാദമാകാറുണ്ട്. ഈ വിവാദത്തില്‍ വ്യക്തതവരുത്തുന്നതിനുള്ള ശ്രമമാണെന്ന് ബില്ലവതരിപ്പിച്ച കൃഷ്ണ റെഡ്ഢി പറഞ്ഞു.

പുതിയ ബില്ലനുസരിച്ച് ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.

നേരത്തെ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച നിയമമനുസരിച്ച് ക്രമസമാധാനപാലനം, ഭൂമി എന്നിവയിലൊഴിച്ച് ലഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ അഭിപ്രായമാരായേണ്ട ആവശ്യമില്ല.

Tags: