കൊവിഡ്: പ്ലാസ്മ ബാങ്ക് നിര്‍മിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയിലെ ഇന്‍സിസ്റ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ ആണ് പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത്.

Update: 2020-06-29 08:36 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ചികില്‍സയ്ക്കായി പ്ലാസ്മ ബാങ്ക് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രോഗബാധയില്‍ നിന്ന് മുക്തരായവര്‍ മറ്റ് രോഗികളെ സഹായിക്കാനായി പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഇതുവരെ 29 കൊറോണ വൈറസ് രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി വിദേയരാക്കി. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയിലാണ് ആദ്യം പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. ഫലം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹം രോഗമുക്തി നേടിയതായും കെജ്രിവാള്‍ പറഞ്ഞു. പ്ലാസ്മ ദാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കും. ഡല്‍ഹിയിലെ ഇന്‍സിസ്റ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ ആണ് പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശം പ്രകാരമാണ് പ്ലാസ്മ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യുന്നത്.

സുഖം പ്രാപിച്ച് വരുന്ന കൊവിഡ് രോഗികളില്‍ നിന്ന് ഗുരുതരമായ രോഗം ഉള്ളവരിലേക്ക് പ്ലാസ്മ കൈമാറ്റം ചെയ്യുകയാണ് തെറാപ്പിയിലൂടെ ചെയ്യുന്നത്. സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ രക്തത്തില്‍ ആന്റിബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഗുരുതരമായ രോഗികളെ രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16 നാണ് ഡല്‍ഹിയില്‍ പ്ലാസ്മ ചികിത്സ നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്. കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡല്‍ഹിക്കൂടാതെ ഇപ്പോള്‍ പ്ലാസ്മ ചികില്‍സ ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.



Tags: