സുബൈറിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഡല്‍ഹി കോടതി ജൂലൈ 14ലേക്ക് മാറ്റി

Update: 2022-07-12 06:55 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ജൂലൈ 14ലേക്ക് മാറ്റിയതായി ഡല്‍ഹി പാട്യാല ഹൗസ് കോടതി അറിയിച്ചു.

ചില വിവരങ്ങള്‍ ലഭ്യമാവാനുണ്ടെന്ന ഡല്‍ഹി പോലിസ് കൗണ്‍സലിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കേസ് പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് തള്ളിയത്.

രണ്ട് ദിവസം കേസ് മാറ്റിവച്ചതിനെ സുബൈറിന്റെ അഭിഭാഷകന്‍ വൃന്ദ ഗ്രോവര്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.

രണ്ട് ദിവസം മാറ്റിയത് അനീതിയാണ്. കഴിയുമെങ്കില്‍ നാളെ പരിഗണിക്കണം- ഗ്രോവര്‍ പറഞ്ഞു.

സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കിയെന്നാരോപിച്ച് 153എ പ്രകാരമാണ് സുബൈറിനതിരേ ഡല്‍ഹി പോലിസ് കേസെടുത്തത്. 259എയും ചുമത്തിയിട്ടുണ്ട്.

നേരത്തെ സെഷന്‍സ് കോടതിയില്‍ സുബൈര്‍ ജാമ്യഹരജി നല്‍കിയിരുന്നു. പ്രകോപനപരമെന്ന് ആരോപിച്ച് ട്വീറ്റിന്റെ പേരില്‍ ഡല്‍ഹി പോലിസാണ് കേസെടുത്തത്.

ജൂലൈ 2, 2022ന് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് അദ്ദേഹത്തിന് ജാമ്യം നല്‍കാന്‍ വിസമ്മതിക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റിഡിയിലേക്ക് അയക്കുകയും ചെയ്തു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍ാകനാവില്ലെന്നായിരുന്നു പോലിസിന്റെ വാദം. ജൂണ്‍ 20നാണ് സുബൈറിനെതിരേ കേസെടുത്തത്.