ജയിലില്‍ നിരാഹാരസമരം അനുഷ്ഠിക്കുന്ന ജി എന്‍ സായിബാബയുടെ ജീവന്‍ രക്ഷിക്കണമെന്ന് ഡിഫന്‍സ് കമ്മിറ്റി

Update: 2022-05-28 01:47 GMT

ന്യൂഡല്‍ഹി: ആരോഗ്യ-ചികില്‍സാ സൗകര്യങ്ങള്‍ നല്‍കണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ സമരം ചെയ്യുന്ന തടവുകാരന്‍ ജിഎന്‍ സായിബാബയുടെ ജീവന്‍ രക്ഷിക്കണമെന്ന് ജിഎന്‍ സായിബാബ ഡിഫന്‍സ് കമ്മിറ്റി. സായിബാബ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും പരിഹരിക്കണമെന്നും അഡിജി, ജയില്‍ അധികൃതര്‍, ആഭ്യന്തര മന്ത്രി എന്നിവരോട് ഡിഫന്‍സ് കമ്മിറ്റി കണ്‍വീനര്‍ പ്രഫ. ജി ഹര്‍ഗോപാല്‍ ആവശ്യപ്പെട്ടു.

നിരാഹാരം സമരം ഒരാഴ്ച പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കഴിഞ്ഞു. രക്തസ്രാവം അനുഭവപ്പെടുന്നുണ്ട്. ത്വക്ക് അയഞ്ഞുതുടങ്ങി. മസിലുകള്‍ക്കും വീക്കം സംഭവിച്ചു. ജീവന്‍ രക്ഷിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും ചികില്‍സ നല്‍കാന്‍ തയ്യാറാകണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മെയ് 21നാണ് അദ്ദേഹം നിരാഹാര സമരം തുടങ്ങിയത്. ലോക്ക് ഡൗണ്‍ സമയം ഉള്‍പ്പെടെ ഒന്നര വര്‍ഷമായി 90 ശതമാനം ശാരീരികഅവശത അനുഭവിക്കുന്ന സായിബാബ ജയിലിലാണ്. മരുന്നും ചികില്‍സയും ലഭ്യമാക്കുക, കുടുംബത്തെയും അഭിഭാഷകനെയും കാണാന്‍ അനുവദിക്കുക, പുസ്തകങ്ങളും കത്തുകളും നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ ചില ആവശ്യങ്ങള്‍ ഇതിനകം അംഗീകരിച്ചുകഴിഞ്ഞു.

വിശദീകരണം നല്‍കാതെ മെയ് 10ാം തിയ്യതി അദ്ദേഹത്തെ പാര്‍പ്പിച്ചിട്ടുള്ള അണ്ഡാ സെല്ലിനു മുന്നില്‍ ജയില്‍ അധികൃതര്‍ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. കുളിക്കുന്നതും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും അടക്കമുളള അദ്ദേഹത്തിന്റെ എല്ലാ ശാരീകപ്രവൃത്തികളും ക്യാമറ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിരാഹാരസമരം ആരംഭിക്കുന്നത്.

സ്വകാര്യതയും അന്തസ്സും അപകടത്തിലാക്കുന്ന അണ്ഡാ സെല്ലിലെ സിസിടിവി ക്യാമറ നീക്കം ചെയ്യുണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ചികില്‍സ ലഭ്യമാക്കാനായി പരോള്‍ അനുവദിക്കുക, വീല്‍ ചെയറില്‍ കഴിയുന്ന ഒരാളെന്ന നിലയില്‍ ഇപ്പോഴത്തെ അണ്ഡാസെല്ലില്‍നിന്ന് മാറ്റുക, നാഗ്പൂര്‍ ജയിലില്‍നിന്ന് ഹൈദരാബാദ് ചെര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഇതില്‍ സിസിടിവി ക്യാമറ മാറ്റണമെന്ന ആവശ്യം സമരത്തിന്റെ നാലാം ദിവസം അംഗീകരിച്ചു. കുടിവെളളം നിഷേധിച്ചിരുന്ന അധികാരികള്‍ അത് നല്‍കാമെന്ന് അംഗീകരിച്ചു.

മാവോവാദി ബന്ധം ആരോപിച്ചാണ് ജി എന്‍. സായിബാബയെ 2014 മെയ് 9ന് ഡല്‍ഹിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ വിചാരണയ്ക്കും ജയില്‍ വാസത്തിനുമൊടുവില്‍ യുഎപിഎ ഉള്‍പ്പടെ ചാര്‍ത്തപ്പെട്ട സായിബാബയെ 2017 മാര്‍ച്ചില്‍ ഗഡ്ച്ചിറോളി സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന 90 ശതമാനം ശാരീരിക ബലഹീനതയുള്ള ഡോ. സായിബാബയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് കുടുംബത്തിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആരോപണം.

Tags:    

Similar News