കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണം ഏഴായി

Update: 2022-08-02 02:15 GMT

തിരുവന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം കാര്‍ പുഴയിലേക്ക് മറിഞ്ഞ് അച്ഛനും മക്കളും മരിച്ചിരുന്നു. വിഴിഞ്ഞത്ത് തമിഴ്‌നാട് സ്വദേശി വളളം മറിഞ്ഞ് മരിച്ചു. വിവിധ ജില്ലകളിലായി അഞ്ച് പേരെ കാണാതായി. അതില്‍ ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു.

മലപ്പുറത്ത് ഒരാളെയും തൃശൂര്‍ മുനക്കക്കടവില്‍ രണ്ട് മല്‍സ്യത്തൊഴിലാളികളെയും കാണാതായി. നാല് പേര്‍ ഇവിടെ നീന്തി കരക്കെത്തി.

കോട്ടയത്ത് കുട്ടിക്കല്‍ ചപ്പാത്തതില്‍ ചുമട്ടുതൊഴിലാളി റിയാസിനെ കാണാതായി.

ദുരന്തനിരാവരണ സേനയുടെ നാല് സംഘങ്ങളെത്തിയിട്ടുണ്ട്. ഇവരെ കോട്ടയം, എറണാകുളം, മലപ്പുറം ജില്ലയിലേക്ക് നിയോഗിക്കും.

കെഎസ്ഇബിയുടെ ഡാമുകള്‍ തുറക്കാറായിട്ടില്ല. ചെറിയ ഡാമുകള്‍ ജലനിയന്ത്രണത്തിന്റെ ഭാഗമായി തുറന്നു.

ചൊവ്വാഴ്ചവരെ നല്ല മഴ ലഭിക്കും. തെക്കന്‍ കേരളത്തിലെ മഴ വടക്കോട്ടും വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കഴിഞ്ഞ ദിവസവും ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് മുന്നറയിപ്പ് നല്‍കിയിരുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മല്‍സ്യത്തൊഴിലാളികളോട് കടലില്‍പോകരുതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മല്‍സ്യബന്ധന യാനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു.

തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ കനത്ത മഴ ലഭിക്കും. നാളത്തോടെ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും.

എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി നല്‍കിയിട്ടുള്ളത്.

Tags: