കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: മുസ്‌ലിം ലീഗിലെ അസംതൃപ്തരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളുടെ മുന്നോടിയായി നടന്ന ചര്‍ച്ചകളിലാണ് ഈ തീരുമാനം ഉണ്ടായിട്ടുള്ളത്. മലബാര്‍ മേഖലയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരില്‍ വ്യാപകമായ അതൃപ്തി ഉള്ളതായി സിപിഎം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് സിപിഎമ്മിനെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതിനുവേണ്ടി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ പ്രത്യേക സംവിധാനം തന്നെ പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലീഗിലെ അസംതൃപ്തരെ കണ്ടെത്തുന്നതിനായി പാര്‍ട്ടി നേരത്തെത്തന്നെ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസംതൃപ്തരായ ആയിരക്കണക്കിനാളുകളെ ഇവര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അവരുമായി പ്രാദേശികതലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനകം തന്നെ ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ അവസാനിച്ചതിനു ശേഷമായിരിക്കും ഇതിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിക്കുന്നത്.
മൂന്നു വിഭാഗത്തിലുള്ള അസംതൃപ്തര്‍ മുസ്‌ലിം ലീഗില്‍ ഉണ്ടെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് മുസ്‌ലിം ലീഗ് ഇത്തവണ തീരുമാനമെടുത്തിരുന്നു. ഇത് കര്‍ശനമായി പാര്‍ട്ടി നടപ്പിലാക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി അധികാരം നഷ്ടപ്പെട്ടവരാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം. പ്രാദേശികതലം വരെ നീളുന്ന പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് ഒതുക്കപ്പെട്ടവരാണ് രണ്ടാമത്തെ വിഭാഗം. ഇവരുടെ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം വില കല്‍പ്പിക്കുന്നില്ലെന്ന പരാതി ദീര്‍ഘകാലമായുണ്ട്. ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളില്‍ കടുത്ത വിയോജിപ്പുള്ളവരാണ് മൂന്നാമത്തെ വിഭാഗം. ഈ മൂന്ന് വിഭാഗങ്ങളും കുറേക്കാലമായി പാര്‍ട്ടിയില്‍ നിര്‍ജീവമാണ്.
ഇവരെല്ലാം സിപിഎമ്മില്‍ നിന്ന് ക്ഷണം ലഭിച്ചാല്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. ഇവരെ അടര്‍ത്തിയെടുക്കുക എളുപ്പമാണെന്ന് സിപിഎം ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നുവന്നിട്ടുണ്ട്. ഈ മൂന്നു വിഭാഗങ്ങളെയും സിപിഎമ്മില്‍ കൊണ്ടുവന്ന് മുസ്‌ലിംകളുടെ പാര്‍ട്ടിയാണ് സിപിഎം എന്ന ധാരണ പരത്താനാണ് പാര്‍ട്ടി തീരുമാനം. ഇത്രയും കാലം മുസ്‌ലിംകള്‍ക്ക് സിപിഎമ്മിനോട് ഉണ്ടായിരുന്ന അകല്‍ച്ച അവസാനിച്ചുവെന്ന് സമൂഹത്തില്‍ ധാരണ പരത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മറ്റേത് പാര്‍ട്ടിയെയും പോലെ സിപിഎമ്മിനെയും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ കാണുന്നു എന്ന പൊതുധാരണ ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കവും സിപിഎമ്മിന് ഇതിലൂടെയുണ്ട് എന്നതാണ് സത്യം.
മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ മുസ്‌ലിം ലീഗിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു സിപിഎമ്മില്‍ ചേരുമെന്നാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ നേതൃത്വം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം പുതിയതായി പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്നാണ് ഇവരുടെ വിശദീകരണം. പല പ്രമുഖരുടെ പേരുകളും പാര്‍ട്ടി അണികള്‍ക്കിടയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. പാര്‍ട്ടി ജില്ലാ, സംസ്ഥാന സമ്മേളനത്തിനു ശേഷമായിരിക്കും ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നാണ് സൂചന. മുസ്‌ലിം ലീഗിനെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
തുടര്‍ ഭരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് മുസ്‌ലിം ലീഗില്‍ നിന്നും വലിയൊരു വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പാര്‍ട്ടിയിലേക്ക് കടന്നുവരുന്നവര്‍ക്ക് അധികാരസ്ഥാനങ്ങള്‍ ഉള്‍പ്പടെ നല്‍കുകയും ചെയ്യും. പാര്‍ട്ടിയുടെ ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങളാണ് അസംതൃപ്തരായ ലീഗ് നേതാക്കളുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അധികാരം ലഭിക്കാതെ വന്നതോടെ ദുര്‍ബലമായ മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ തകര്‍ത്ത് വലിയ തോതില്‍ രാജിവെപ്പിക്കല്‍ നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

