ജഹാംഗീര്‍പുരിയിലെ ഹിന്ദുത്വ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് സിപിഎം വസ്തുതാന്വേഷണസംഘം

Update: 2022-04-20 02:23 GMT

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമസംഭവങ്ങള്‍ ബിജെപിയും ആര്‍എസ്എസ്സും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം. രാമനവമി ദിനത്തില്‍ പല സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട അക്രമത്തിന്റെ ഭാഗമാണിതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.

വിവേക് ശ്രീവാസ്തവയുടെയും സഞ്ജീവ് കുമാര്‍ റാണയുടെയും നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധി സംഘം ശനിയാഴ്ച ജഹാംഗീര്‍പുരി പ്രദേശം സന്ദര്‍ശിച്ചു. അവരെ നിരവധി സിപിഎം പ്രവര്‍ത്തകരും അനുഗമിച്ചു.

വസ്തുത കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിനിധി സംഘം ഇരു സമുദായങ്ങളിലെയും വിവിധ ആളുകളുമായി സംസാരിച്ചു. നാല്പത് വര്‍ഷത്തിലേറെയായി പ്രദേശത്ത് വര്‍ഗീയ കലാപം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

'ഹനുമാന്‍ ജയന്തി ഘോഷയാത്ര മസ്ജിദ് പരിസരത്തിലൂടെ മൂന്ന് തവണ കടന്നുപോയി. വടിവാളും കത്തിയും വടിയും പോലുള്ള ആയുധങ്ങളുമായാണ് ഘോഷയാത്ര നടത്തിയത്. മസ്ജിദിന്റെ മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഘോഷയാത്ര ദയവായി മുന്നോട്ട് പോകണമെന്ന് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിച്ചു. പക്ഷേ, പ്രശ്‌നങ്ങള്‍ മനപ്പൂര്‍വം സൃഷ്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം''- റിപോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 16 ശനിയാഴ്ച വൈകുന്നേരം വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി ജില്ലയില്‍ ഹനുമാന്‍ജയന്തി ഘോഷയാത്രയില്‍ പങ്കെടുത്തവരാണ് പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തു. മിക്കവരും മുസ് ലിംകളാണ്. പോലിസ് പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയാവാത്തവരുമുണ്ട്.

Tags: